ഓസ്‌ട്രേലിയയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നു; കടുത്ത എതിര്‍പ്പുമായി ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി

ഓസ്‌ട്രേലിയയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നു; കടുത്ത എതിര്‍പ്പുമായി ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി. ഗര്‍ഭച്ഛിദ്രം പൂര്‍ണമായും കുറ്റകരമല്ലാതാക്കുക, ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 20 ആഴ്ചയില്‍നിന്ന് (അഞ്ച് മാസം) 24 ആഴ്ച ആഴ്ച്ചയായി ഉയര്‍ത്തുക, നിര്‍ബന്ധിത കൗണ്‍സിലിംഗ് നിര്‍ത്തലാക്കുക, ജിപി റഫറല്‍ ഇല്ലാതാക്കുക തുടങ്ങി ആറു ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം, 20 ആഴ്ചയ്ക്കപ്പുറമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് ആരോഗ്യമന്ത്രി നിയമിച്ച നിയമാനുസൃത പാനലിന്റെ ഭാഗമായ രണ്ട് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ അനുമതി നല്‍കണം. ഇതാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ആരോഗ്യ വിദഗ്ധരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും ഭേദഗതികളെ പിന്തുണച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

അതേസമയം, അബോര്‍ഷന്‍ പരിഷ്‌കരണ ബില്ലിനെ അപമാനകരം എന്നാണ് ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി (ഡബ്ല്യുഎ) സംസ്ഥാന ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്സ് വിശേഷിപ്പിച്ചത്. കാരണം അതില്‍ ലിംഗാടിസ്ഥാനത്തിലുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നില്ല, ഇതുകൂടാതെ വൈകിയുള്ള ഗര്‍ഭച്ഛിദ്രത്തിന്റെ ഫലമായി ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള വ്യവസ്ഥയില്ല. ഈ കുഞ്ഞുങ്ങളെ മരിക്കാന്‍ അനുവദിക്കുന്നു. ഇത്തരത്തില്‍ മാനുഷിക പരിഗണനയില്ലാത്ത ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പീറ്റര്‍ ആബെറ്റ്സ് ചൂണ്ടിക്കാട്ടി.


ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി (ഡബ്ല്യുഎ) സംസ്ഥാന ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്സ്

13 ആഴ്ചകള്‍ക്കു ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് വേദനാസംഹാരികള്‍ നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് മനുഷ്യത്വരഹിതമാണെന്ന് ആബെറ്റ്‌സ് പറഞ്ഞു. ഗര്‍ഭാശയത്തിലെ ശിശുക്കള്‍ക്ക് വേദന അനുഭവപ്പെടാന്‍ ആരംഭിക്കുന്നത്, മുന്‍പ് കരുതിയതു പോലെ 24 ആഴ്ചയിലല്ല, 13-ാം ആഴ്ച മുതലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. 


ഗര്‍ഭച്ഛിദ്രം നടത്തിയ 60 ശതമാനം സ്ത്രീകളും അതിനായി സമ്മര്‍ദ്ദമോ നിര്‍ബന്ധമോ നേരിടുന്നതായി വിവിധ സര്‍വേ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ മാത്രം ഗര്‍ഭച്ഛിദ്രം നടത്തുന്നത് പുതിയ നിയമനിര്‍മാണത്തില്‍ ഒഴിവാക്കപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷം ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് സംശയിച്ച് 71-ലധികം കുഞ്ഞുങ്ങളെ ഗര്‍ഭച്ഛിദ്രം ചെയ്തിരുന്നു. ഈ വിവേചനം പരിഹരിക്കാന്‍ നിയമനിര്‍മ്മാണത്തില്‍ ഒന്നുമില്ല. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്ക് വളരെ സംതൃപ്തമായ ജീവിതം നയിക്കാന്‍ കഴിയുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് വിവരം നല്‍കുന്ന ആരോഗ്യ വകുപ്പിന്റെ ബ്രോഷറുകളിലും വെബ്‌സൈറ്റുകളിലും, തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ പിന്തുണ നല്‍കാന്‍ കഴിയുന്ന ഏജന്‍സികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യസ്ഥരാണ്. ഈ വിവരങ്ങള്‍ നല്‍കാതെ ശക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സ്ത്രീക്ക് സാധ്യമല്ല - പീറ്റര്‍ ആബെറ്റ്സ് പറഞ്ഞു.



നിര്‍ദിഷ്ട നിയമനിര്‍മ്മാണത്തിന് കീഴില്‍ ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും ഗൂഗിള്‍ ചെയ്താല്‍ അതിനു സഹായകമായ വിവരങ്ങള്‍ ലഭിക്കും. 'അബോര്‍ഷന്‍ പെര്‍ത്ത്' എന്നിങ്ങനെ ടൈപ് ചെയ്താല്‍ പെര്‍ത്തിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ലഭിക്കു. എളുപ്പത്തില്‍ ഒരു അപ്പോയിന്റ്‌മെന്റ് എടുക്കാനും ക്ലിനിക്കിലെ ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനും സാധിക്കും.

ലിംഗാടിസ്ഥാനത്തിലുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കണം, ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഗര്‍ഭഛിദ്രത്തെ എതിര്‍ക്കാനുള്ള ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടണം, 13 ആഴ്ചയ്ക്ക് ശേഷം നടത്തുന്ന ഗര്‍ഭച്ഛിദ്രത്തില്‍ കുഞ്ഞുങ്ങളുടെ വേദന ഒഴിവാക്കണം, വൈകിയുള്ള ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ജീവനോടെ ജനിക്കുന്ന ഏതൊരു കുഞ്ഞിനും, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന അതേ പരിചരണം നല്‍കണം തുടങ്ങിയവ നിര്‍ദിഷ്ട നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഓസ്ട്രേലിയന്‍ ക്രിസ്റ്റ്യന്‍ ലോബിയുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ എംപിമാര്‍ക്ക് നിവേദനം നല്‍കുമെന്നും പീറ്റര്‍ ആബെറ്റ്സ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26