ന്യൂഡല്‍ഹി: രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടി ഉത്തരവ് ഇറക്കണമെന്ന കേരള സംസ്ഥാന വഖഫ് ബോര്‍ഡ്, സമസ്ത എന്നിവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. എന്നാല്‍ സമയം നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നത്. വഖഫ് രേഖകള്‍ അപ് ലോഡ് ചെയ്യേണ്ട ഉമീദ് പോര്‍ട്ടല്‍ ജൂണ്‍ ആറിന് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ നിലവില്‍ വന്നത് ജൂലൈ മൂന്നിനാണ്. ഉമീദ് പോര്‍ട്ടലില്‍ രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതിന്റെ തിയതി ഡിസംബര്‍ അഞ്ചിന് അവസാനിക്കും.
എന്നാല്‍ ആറ് മാസത്തെ സമയ പരിധി വളരെ കുറവാണ് എന്നായിരുന്നു സമസ്ത ഉള്‍പ്പടെയുള്ള ഹര്‍ജിക്കാരുടെ പരാതി. വിവിധ ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി, പി.വി ദിനേശ്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി.
അതേസമയം വഖഫ് ഭേദഗതി നിയമത്തിന്റെ 3 ബി പ്രകാരം സമയ പരിധി നീട്ടി നല്‍കാന്‍ ട്രിബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് ഹര്‍ജിക്കാരോട് സമയ പരിധി നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.