വർത്തമാന വിചാരം : ന്യായവും നിയമവും അടിച്ചവർക്കൊപ്പമോ, അടി കൊണ്ടവനൊപ്പമോ?

വർത്തമാന വിചാരം :  ന്യായവും നിയമവും അടിച്ചവർക്കൊപ്പമോ, അടി കൊണ്ടവനൊപ്പമോ?

യൂട്യൂബിലൂടെ, തന്നെയും മറ്റ് സ്ത്രീ പക്ഷക്കാരായവരെയും അപമാനിച്ച ഡോ വിജയ് പി നായരെ മലയാളത്തിലെ പ്രമുഖ ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ശ്രീമതി ഭാഗ്യലക്ഷ്യമിയും കൂട്ടരും അടിക്കുകയും, കരി ഓയിൽ ഒഴിക്കുകയും, ലാപ്ടോപ്പ് പിടിച്ചുകൊണ്ട് പോകുകയും ചെയ്ത സംഭവം കാര്യമായിത്തന്നെ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. അതിന്റെ ചൂടാറും മുൻപേ ഭാഗ്യലക്ഷ്‌മിക്കും കൂട്ടുകാരികൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേരള പോലീസ് കേസ് എടുത്തു.

തങ്ങളെ അപമാനിച്ച വ്യക്തിക്കെതിരെ പോലീസിൽ പരാതി കൊടുത്തിട്ട് യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനാലാണ്, അയാളെ ആക്രമിക്കേണ്ടി വന്നത് എന്ന് ഭാഗ്യലക്ഷ്മി പത്രക്കാരോട് പറഞ്ഞു. നിയമം കൈയ്യിലെടുക്കരുതായിരുന്നു എന്ന് നിയമവിദഗ്‌ദ്ധർ പറയുമ്പോൾ; സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അവരെ രഹസ്യമായും പരസ്യമായും അഭിനന്ദിക്കുന്നു. സമൂഹ മാധ്യമത്തിൽ വളരെ മോശം ഭാഷയിൽ വീഡിയോ പ്രസിദ്ധീകരിച്ചവ്യക്തിയോടാണെങ്കിൽ പോലും മാന്യമായ ഭാഷയിലുള്ള പ്രതികരണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അനേകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വളരെ ശ്രദ്ധേയമായി വന്ന പ്രതികരണങ്ങളിൽ ഒന്ന് ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറിന്റേതാണ്. ഇപ്രകാരം പ്രതികരിച്ചതിൽ താനവരെ (ഭാഗ്യലക്ഷ്മിയെ) അഭിനന്ദിക്കുകയാണ്. അതിന്റെ മാർഗമെല്ലാം പിന്നീട് ചർച്ച ചെയ്യാം. അത്തരം വൃത്തികെട്ട ആളുകളെ മാറ്റി നിർത്താൻ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമൂഹം ഇടപെടണമെന്നും ശ്രീമതി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടിച്ചവരെയും അടികൊണ്ടവരെയും തൽക്കാലം (നമുക്കും) മാറ്റി നിർത്താം. സ്ത്രീകൾക്കെതിരെയുള്ള അശ്ലീലവും അപമാനവും നിറഞ്ഞ പരാമർശങ്ങൾ നിരത്തി വീഡിയോ നിർമിച്ച് അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വളരെ മോശമായ ഒരുശൈലി കേരളത്തിൽ പ്രബലപ്പെടുകയാണ്. ഓണവുമായി ബന്ധപ്പെട്ട് നെടുങ്കുന്നം സെൻ്റ് തെരേസാസ് ഹൈസ്കൂൾ പ്രധാന അധ്യാപികയായ സിസ്റ്റർദിവ്യ നടത്തിയ സന്ദേശത്തിന്റെ പേരിൽ അവരെ സമൂഹ മാധ്യമത്തിൽ അപമാനിച്ചപ്പോൾ പോലീസ്, ആരുടെ പക്ഷത്തായിരുന്നു എന്ന് കേരളം കണ്ടതാണല്ലോ?. സാമുവേൽ കൂടൽ എന്ന നിരീശ്വരവാദി അശ്ളീല വാക്കുകൾ കൊണ്ട് സന്യാസ സമൂഹത്തെ മുഴുവൻ ആക്ഷേപിച്ചപ്പോൾ ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ നിറവുണ്ടായിരുന്നത് കൊണ്ടാകണം ആ കന്യാസ്ത്രി ഒന്നും മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കിയതും സഹിച്ചത്.

സൈബർ ഇടങ്ങളിൽ അപമാനിതരാകുന്ന നിരവധി സ്ത്രീകൾ സൈബർ പോലീസിൽ പലപ്പോഴും പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ നൂലാമാലകളുടെ മറവിൽ രക്ഷപ്പെടുന്ന സൈബർ കുറ്റവാളികൾക്ക് മുൻപിൽ നിസ്സഹായരാവുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ സ്ത്രീമനസ്സുകളുടെ വേദനയും അമർഷവും സമൂഹവും ഒപ്പം സർക്കാർ സംവിധാനങ്ങളും കാണാതെ പോകരുത്.

ജോ കാവാലം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.