അത്യപൂര്‍വ്വ ഇനം പക്ഷിയായ ജേര്‍ഡണ്‍സ് ബാബ്ലര്‍ ഉത്തര്‍പ്രദേശില്‍

അത്യപൂര്‍വ്വ ഇനം പക്ഷിയായ ജേര്‍ഡണ്‍സ് ബാബ്ലര്‍ ഉത്തര്‍പ്രദേശില്‍

ലക്നൗ: വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വ്വ ഇനം പക്ഷിയായ ജേര്‍ഡണ്‍സ് ബാബ്ലറിനെ ഉത്തര്‍പ്രദേശിലെ ദുധ്വ കടുവ സങ്കേതത്തില്‍ കണ്ടെത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കടുവ സങ്കേതത്തിലെ വനം വകുപ്പ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദ ഹാബിറ്റാറ്റ്സ് ട്രസ്റ്റിലെ ഗവേഷകരാണ് പക്ഷികളെ കണ്ടെത്തിയത്. ഇതിലൊന്നിന്റെ ചിത്രവും സംഘം പകര്‍ത്തി.

പുല്‍പ്രദേശങ്ങളുമായി ബന്ധപ്പെട്ട സര്‍വേയ്ക്കെത്തിയതായിരുന്നു ഗവേഷകര്‍. നദികളോട് ചേര്‍ന്നുള്ള പുല്‍പ്രദേശമാണ് ജേര്‍ഡണ്‍സ് ബാബ്ലറുകളുടെ പ്രധാന ആവാസ വ്യവസ്ഥയെന്ന് ദുധ്വ കടുവ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടര്‍ ലളിത് കുമാര്‍ വര്‍മ പറഞ്ഞു. ആവാസ വ്യവസ്ഥ നഷ്ടമാകുന്നതാണ് ഈ പക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തെറായിയിലെ പല പുല്‍മേടുകളും കൃഷിയ്ക്ക് മറ്റുമായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്തെ വെള്ളപ്പൊക്കവും പുല്‍മേടുകളുടെ നാശത്തിന് കാരണമാകുന്നുവെന്നും ലളിത് കുമാര്‍ വ്യക്തമാക്കി.

നിലവിലുള്ള പുല്‍മേടുകള്‍ സംരക്ഷിക്കുന്നതിനൊപ്പം എണ്ണം വര്‍ധിപ്പിക്കുന്നതിനായി മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് റ്റിഎച്ച്റ്റിയിലെ ഉദ്യോഗസ്ഥനായ കൗശിക് സര്‍ക്കാര്‍ പറഞ്ഞു.

ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ആദ്യമായി ജേര്‍ഡ്സണ്‍ ബാബ്ലറുകളെ കണ്ടെത്തിയത്. എന്നാല്‍ രാജ്യത്ത് കാണപ്പെടുന്ന 95 ശതമാനം പക്ഷികളും കാണപ്പെടുന്നത് അസം, അരുണാചല്‍ പ്രദേശ് തുടങ്ങിയിടങ്ങളിലാണ്. ആഗോള തലത്തില്‍ 10,000 താഴെ മാത്രമാണ് ജേര്‍ഡ്സണ്‍ ബാബ്ലറുകളുടെ എണ്ണം. ഇതിന്റെ 30 ശതമാനവും ഇന്ത്യയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.