ഛത്തീസ്ഗഡിൽ അനുനയ നീക്കം; ടി.എസ്. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസ് ഹൈകമാൻഡ്

ഛത്തീസ്ഗഡിൽ അനുനയ നീക്കം; ടി.എസ്. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസ് ഹൈകമാൻഡ്

റായ്പുർ: മുഖ്യമന്ത്രി പദത്തിനായി കൊമ്പ് കോർക്കുന്ന ഛത്തീസ്ഗഡിൽ അനുനയ നീക്കവുമായി കോൺഗ്രസ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലുമായി ഇടഞ്ഞ് നിൽക്കുന്ന ടി.എസ്. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചു. 

ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം ഉണ്ടായത്. 

2018 ഭൂപേഷ് ബാഗെൽ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോൾ 2020 പദവി കൈമാറാമെന്ന് ഉടമ്പടി വച്ചിരുന്നെന്ന് സിങ് ദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉടമ്പടിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബാഗെലിന്റെ പക്ഷം.

ഇതേ തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയും സിങ് ദേവ് നൽകിയിരുന്നു. സിങ് ദേവിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഉപമുഖ്യമന്ത്രി പദം നൽകുന്നതെന്നാണ് വിലയിരുത്തൽ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.