രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് വഴിയില്‍ തടഞ്ഞു. ഇംഫാലിലേക്ക് മടങ്ങിയ രാഹുല്‍ ഹെലികോപ്ടറില്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
കൊച്ചി: മണിപ്പൂര്‍ കലാപം തടയുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കെസിബിസി.
രണ്ട് മാസമായി തുടരുന്ന അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.
മണിപ്പൂരിലേത് ഗോത്രവര്‍ഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ഒരു വിഭാഗം മാത്രം ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട അജണ്ടയുടെ ഭാഗമായി നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അവര്‍ ഭരണകൂടത്തെയും നന്നായി ഉപയോഗിക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു വരുമ്പോള്‍ ഭരണ കൂടത്തെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.
നേരത്തെ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അക്രമ സംഭവങ്ങള്‍ വംശഹത്യയായി പരിണമിക്കുന്നുവെന്നും ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി സ്ഥിതിഗതികള്‍ മാറിയിരിക്കുന്നുവെന്നുമായിരുന്ന മാര്‍ പാംപ്ലാനിയുടെ പ്രതികരണം.
അതിനിടെ രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. രാഹുലിന് വഴിയൊരുക്കാനെത്തിയ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തു.
ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ വെച്ചാണ് രാഹുലിന്റെ വാഹനവ്യൂഹം മണിപ്പൂര്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് അദേഹം തലസ്ഥാനമായ ഇംഫാലിലേക്ക് മടങ്ങി. വൈകുന്നേരത്തോടെ ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
ഏത് തരത്തിലുള്ള പ്രതിബന്ധമുണ്ടായാലും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാത്രമേ രാഹുല്‍ ഗാന്ധി മടങ്ങൂവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.