ഇംഫാല്‍: മണിപ്പൂര്‍ വീണ്ടും വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനക്കൂട്ടം തെരിവിലിറങ്ങി.
വൈകുന്നേരം ഏഴ് മണിയോടെ ഇംഫാല്‍ നഗരത്തില്‍ ഉടലെടുത്ത സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അതിനിടെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇംഫാലിലെ ഹോട്ടലിലേക്ക് മാറ്റി.
താന്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ഇംഫാലിലുള്ള സിപിഐ നേതാവ് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളടക്കമുള്ള ജനക്കൂട്ടം റോഡുകളിലും മറ്റും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. ബിജെപി ഓഫീസിനും രാജ്ഭവനും മുന്നില്‍ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.
കാങ്‌പോക്പി ജില്ലയിലെ ഹരോതെലില്‍ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുക്കി ഗ്രാമമായ ഹരോതെലില്‍ ആക്രമണമുണ്ടായതോടെ ഇന്ന് പുലര്‍ച്ചെയാണ് സൈന്യം ഇവിടെ എത്തിയത്.
പിന്നാലെ ആയുധധാരികള്‍ സൈനികര്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെപ്പ് തുടര്‍ന്നതോടെ ഇവിടേക്ക് കൂടുതല്‍ സൈനികരെത്തി. രാവിലെ ഒന്‍പത് മണി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇതിനിടെയാണ് മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട യുവാവ് വെടിയേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.