ഡിജിറ്റൽ സർവേ കരാറിൽ വൻ അഴിമതിയെന്ന് ആക്ഷേപം; 100 കോടിക്ക് വന്ന കമ്പനിയെ തഴഞ്ഞ് കരാർ നൽകിയത് 800 കോടിക്ക്

ഡിജിറ്റൽ സർവേ കരാറിൽ വൻ അഴിമതിയെന്ന് ആക്ഷേപം; 100 കോടിക്ക് വന്ന കമ്പനിയെ തഴഞ്ഞ് കരാർ നൽകിയത് 800 കോടിക്ക്

തൃശൂർ: കേരളത്തിലെ ഡിജിറ്റൽ സർവേ കരാറിൽ വൻ അഴിമതിയെന്ന് ആക്ഷേപം. പദ്ധതി 100 കോടിക്ക് പൂർത്തിയാക്കാമെന്ന വാഗ്ദാനവുമായെത്തിയ കമ്പനിയെ തഴഞ്ഞ് കരാർ നൽകിയത് 807.99 കോടി ആവശ്യപ്പെട്ട കമ്പനിക്ക്.

സർവേരംഗത്ത് ഏറ്റവും പ്രശസ്തമായ കമ്പനിയാണ് 100 കോടിക്ക് കൃത്യതയാർന്ന സർവേ നടത്താൻ തയാറായി എത്തിയത്. ഇതുപരിഗണിക്കാതെയാണ് മറ്റു രണ്ടുകമ്പനികളെ ഉൾപ്പെടുത്തി ടെൻഡർ നടത്തിയതും ആദ്യഘട്ട സർവേയ്ക്കായി 339.44 കോടിയുടെ കരാറുറപ്പിച്ചതും. 

339.44 കോടിക്ക് വാങ്ങിയ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗുണമേന്മയില്ലാത്ത ഉപകരണങ്ങളാണ് എന്നത് മാത്രമല്ല വിപണി വിലയെക്കാൾ ഏറെ മുകളിലാണെന്നതിനാൽ ആ വില കാണിച്ച് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കമ്പനികൾ തയാറാകുന്നുമില്ല.

ജൂൺ 14 മുതൽ 21 വരെ നടത്തിയ പരിശോധനയിൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ 40 ശതമാനത്തിലേറെ ഉപകരണങ്ങൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തി. തിരൂർ, നിലമ്പൂർ, മഞ്ചേരി റീസർവേ സൂപ്രണ്ടുമാർ ആർ.ടി.കെ., ആർ.ടി.എസ്. ഉപകരണങ്ങൾ ഉപയോഗിച്ചില്ലെന്നുകണ്ടെത്തി വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.

പുതിയതും സാങ്കേതിക പരിജ്ഞാനം ഏറെ വേണ്ടതുമായ ഡിജിറ്റൽ സർവേക്ക് ജീവനക്കാരെ നിയമിച്ചതിലും വ്യാപക പക്ഷപാതം കാണിച്ചതായി പരാതിയുണ്ട്. വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ സംഘടനയിലുള്ളവരെ സർവേയിൽ നിന്ന് ഒഴിവാക്കി സർവീസിൽ പുതുതായിവന്നവരെയും എംപ്ലോയ്‌മെന്റ് മുഖാന്തരം എടുത്തവരെയും മാത്രം റീസർവേയ്ക്ക് നിയോഗിച്ചു.

നിലം നികത്തിയ സ്ഥലങ്ങളും കെട്ടിടങ്ങളും അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നയിടങ്ങളും പുറമ്പോക്ക് കൈയേറ്റങ്ങളും കക്ഷികൾക്കനുകൂലമാക്കി സർവേ ചെയ്യിപ്പിച്ചതായും ആരോപണമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.