ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പരിവേക്ഷണ ദൗത്യം: ചന്ദ്രനെ പഠിക്കാന്‍ ഏഴ് ഉപകരണങ്ങള്‍; തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പരിവേക്ഷണ ദൗത്യം: ചന്ദ്രനെ പഠിക്കാന്‍ ഏഴ് ഉപകരണങ്ങള്‍; തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര പരിവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍. ജൂലൈ 13 ന് വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങള്‍ക്കുള്ള ഏഴ് ഉപകരണങ്ങളുമായാണ് (പേലോഡുകള്‍).

ജിഎസ്എല്‍വി മാര്‍ക്ക് 3 (എല്‍വിഎം 3) റോക്കറ്റില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 3 ലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളാണ് ഇവയെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 100 കിലോമീറ്റര്‍ അടുത്തുവരെ എത്തിക്കുക. തുടര്‍ന്ന് അവിടെ നിന്ന് നാല് കാലുകളുള്ള ലാന്‍ഡര്‍ പേലോഡുകളും റോവറും വഹിച്ച് സാവധാനം ചന്ദ്രോപരിതലത്തിലേക്ക് എത്തുകയും ലാന്‍ഡറിന്റെ ഒരു വാതില്‍ തുറക്കുമ്പോള്‍ ചക്രങ്ങളില്‍ സഞ്ചരിക്കുന്ന റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങും.
ഈ ലാന്‍ഡറിലാണ് നാല് പേലോഡുകള്ളത്. മണ്ണിന്റെ താപനില പരിശോധിക്കുന്നതിനുള്ള ചാസ്‌തേ (ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്‌സ്‌പെരിമെന്റ്), മണ്ണിലെ ഇലക്ട്രോമാഗ്‌നറ്റിക് സ്വഭാവവും പ്ലാസ്മാ സാന്ദ്രതയും പരിശോധിക്കുന്നതിനുള്ള ലാഗ്മിര്‍ പ്രോബ് എന്നിവ തിരുവനന്തപുരത്തെ വിഎസ്എസ്‌സിയാണ് തയാറാക്കിയത്.

ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പ സാധ്യതകള്‍ നിരവധിയാണ്. അതിനാല്‍ ഇത് അളക്കുന്നതിനുള്ള ഉപകരണമാണ് (ഇല്‍സ), നാസയില്‍ നിന്ന് എത്തിച്ച പാസീവ് ലേസര്‍ റെട്രോഫ്‌ലെക്ടര്‍ അറേ (എല്‍ആര്‍എ) എന്നിവയും ലാന്‍ഡറില്‍ ഉണ്ടാകും. ലാന്‍ഡ് ചെയ്യുന്ന പ്രദേശത്തെ തന്മാത്രാ ഘടനയും മറ്റും പരിശോധിക്കുന്നതിന് ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്റേ സ്‌പെക്ട്രോമീറ്റര്‍ (എപിഎക്‌സ്എസ്), ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്നീ ഉപകരണങ്ങള്‍ റോവറില്‍ ഉണ്ടാകും. ചന്ദ്രനില്‍ നിന്നു ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് സ്‌പെക്ട്രോപോളാറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (ഷെയ്പ്) എന്ന പേലോഡ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ഭാഗമായി നിലനിര്‍ത്തും.

അതേസമയം ചന്ദ്രയാന്‍ 2 വില്‍ നിന്നും കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ 3 യുടെ ഗവേഷണ ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. ചന്ദ്രയാന്‍ 3യുടെ ലാന്‍ഡറിലും റോവറിലും പ്രത്യേക പരീക്ഷണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരു ചന്ദ്ര ദിനത്തിനുള്ളില്‍ ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കണം. അതായത് ഭൂമിയിലെ 15 ദിവസം ഈ കാലയളവിനുള്ളില്‍ ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ചന്ദ്ര ഉപരിതലത്തിലെ താപം, രാസ തന്മാത്രകളുടെ സാന്നിധ്യം, ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 10 സെന്റിമീറ്റര്‍ ആഴത്തില്‍ തുളച്ചിറങ്ങാവുന്ന രീതിയിലുള്ള ചാലക സ്വഭാവമുള്ള ലോഹം തുടങ്ങിയവ റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതും ചന്ദ്രനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യയുടെ ചന്ദ്ര പരിവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. വെല്ലുവിളിയേറിയ ലാന്‍ഡിങ് ദൗത്യം ചന്ദ്രയാന്‍ 3 നിര്‍വഹിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണം വിജയകരമായി സാധ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ ഡയറക്ടറും ഉദ്യോഗസ്ഥരും. കൂടാതെ ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ പരീക്ഷണ വിക്ഷേപണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും എസ് സോമനാഥ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.