വിന്‍ഡീസ് സ്‌കോട്ലന്‍ഡിനോടും തോറ്റു; ക്രിക്കറ്റിലെ കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല: ചരിത്രത്തില്‍ ആദ്യം

വിന്‍ഡീസ് സ്‌കോട്ലന്‍ഡിനോടും തോറ്റു; ക്രിക്കറ്റിലെ കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല: ചരിത്രത്തില്‍ ആദ്യം

ഹരാരെ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനോടും തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് കളി അവസരം നഷ്ടപ്പെടുത്തിയത്.

നെതര്‍ലന്‍ഡ്സിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ചാണ് സൂപ്പര്‍ സിക്സില്‍ എത്തിയത്. സൂപ്പര്‍ സിക്സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ ആയുധം വച്ച് കീഴടങ്ങി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി.

1975 ലെ പ്രഥമ ലോകകപ്പിലും പിന്നാലെ 79 ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിന്‍ഡീസ്. 1983 ല്‍ ഫൈനലിലേക്കെത്താനും അവര്‍ക്കു സാധിച്ചു. അന്ന് ഇന്ത്യയോടു ഏറ്റ പരാജയം അക്ഷരാര്‍ഥത്തില്‍ അവരുടെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തകര്‍ച്ചയുടെ തുടക്കം കൂടിയായിരുന്നു. ആ തകര്‍ച്ചയുടെ ഏറ്റവും മൂര്‍ധന്യമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കാണുന്നത്.

സൂപ്പര്‍ സിക്സിലെ നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. വിജയം തേടിയിറങ്ങിയ സ്‌കോട്ലന്‍ഡിന്റെ ആദ്യ വിക്കറ്റ് ആദ്യ ഓവറിലെ ഒന്നാം പന്തില്‍ തന്നെ വീഴ്ത്താന്‍ വിന്‍ഡീസിനു സാധിച്ചു. എന്നാല്‍ പിന്നീട് ഒരു പഴുതും അനുവദിക്കാതെ സ്‌കോട്ടിഷ് ബാറ്റിങ് പട വിന്‍ഡീസിനെ തകര്‍ത്തു വിട്ടു.

ഓപ്പണര്‍ മാത്യു ക്രോസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. വണ്‍ ഡൗണ്‍ ഇറങ്ങിയ ബ്രണ്ടന്‍ മക്കല്ലനും അര്‍ധ സെഞ്ച്വറി കണ്ടെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി.

ക്രോസ് 74 റണ്‍സുമായി പുറത്താകാതെ നിന്നു. താരം ഏഴ് ഫോറുകള്‍ പറത്തി. മക്കല്ലന്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 69 റണ്‍സ് കണ്ടെത്തി. ജോര്‍ജ് മന്‍സെ 18 റണ്‍സുമായി മടങ്ങി. വിജയിക്കുമ്പോള്‍ ക്രോസിനൊപ്പം 13 റണ്‍സുമായി ക്യാപ്റ്റന്‍ റിച്ചി ബെരിങ്ടന്‍ പുറത്താകാതെ നിന്നു.

ടോസ് നേടി സ്‌കോട്ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം ശരിയാണെന്നു വിന്‍ഡീസ് ബാറ്റിങ് നിരയുടെ തകര്‍ച്ച വ്യക്തമാക്കുന്നു. ബോര്‍ഡില്‍ വെറും 81 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് ആറ് മുന്‍നിര താരങ്ങളെ നഷ്ടമായിരുന്നു.

പൊരുതാവുന്ന സ്‌കോറിലെക്ക് ടീമിനെ എത്തിച്ചതില്‍ ജാസന്‍ ഹോള്‍ഡര്‍ക്ക് നിര്‍ണായക പങ്കുണ്ട്. താരം 45 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 36 റണ്‍സെടുത്ത റൊമാരിയോ ഷെഫേര്‍ഡും മികവ് പുലര്‍ത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് 22 റണ്‍സെടുത്തും നിക്കോളാസ് പുരന്‍ 21 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ ഷായ് ഹോപ് (13), കെവിന്‍ സിംഗ്ലയര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല.

ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി മക്കല്ലന്‍ തന്നെയാണ് കൂടുതല്‍ വിക്കറ്റും വീഴ്ത്തിയത്. താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് സോണ്‍, മാര്‍ക് വാറ്റ്, ക്രിസ് ഗ്രീവ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. സഫ്യാന്‍ ഷെരിഫ് ഒരു വിക്കറ്റെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.