വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ ശബ്ദമായി മാറാന്‍ അല്‍മായര്‍ക്കും അവസരം നല്‍കണം: വത്തിക്കാന്‍

വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ ശബ്ദമായി മാറാന്‍ അല്‍മായര്‍ക്കും അവസരം നല്‍കണം: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പുതിയ വെല്ലുവിളികളെ ക്രിയാത്മകമായും തുറവിയോടെയും അഭിമുഖീകരിക്കണമെന്ന് സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയും സമര്‍പ്പിത സമൂഹങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയും സംയുക്തമായി പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വൈദികരും സമര്‍പ്പിതരും അല്‍മായരും ഒരുമയോടെ പങ്കെടുക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ ശബ്ദമായി മാറാന്‍ രൂപതകളും സന്യാസ സമൂഹങ്ങളും അല്‍മായര്‍ക്ക് അവസരം നല്‍കണമെന്നും ലേഖനത്തില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിദ്യാലയ ശൃംഖലയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രേഖ തയ്യാറാക്കപ്പെട്ടത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെകുറിച്ചും ഈ മേഖലയില്‍ സഭ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ മേയ് 22 നാണ് രണ്ട് ഡികാസ്റ്ററികളുടെ ആഭിമുഖ്യത്തില്‍ യോഗം വത്തിക്കാനില്‍ വിളിച്ചുചേര്‍ക്കപ്പെട്ടത്.

ആഗോള വിദ്യാഭ്യാസ മേഖലയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയ്ക്ക് പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലായി 2,40,000-നു മേല്‍ സ്‌കൂളുകളാണ് ലോകമെമ്പാടും ഉള്ളത്. ഇവയിലേറെയും വിവിധ സന്യാസ സമൂഹങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താലാണ് സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയും സമര്‍പ്പിത സമൂഹങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയും സംയുക്തമായി കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമ്മേളനം സംഘടിപ്പിച്ചതെന്ന് രേഖയില്‍ വിശദീകരിക്കുന്നു.

വിദ്യാഭ്യാസ മേഖലയില്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന നിരവധി പൊതുവായ വിഷയങ്ങളോടൊപ്പം പ്രാദേശിക തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കോവിഡ് മഹാമാരി മൂലമുണ്ടായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം, ജനന നിരക്കിലുള്ള കുറവ്, എന്നിവയ്ക്കു പുറമേ ഭക്ഷണം, ജലം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ ലഭ്യതയിലുള്ള അസമത്വങ്ങള്‍ മുതലായവയെല്ലാം ചര്‍ച്ചാവിഷയമായി. പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന പ്രശ്‌നങ്ങളായി അവതരിപ്പിക്കപ്പെട്ടത്, സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, കുറഞ്ഞു വരുന്ന ദൈവവിളികള്‍, വര്‍ദ്ധിച്ചു വരുന്ന മതനിരാസം എന്നിവയാണ്.

ഇപ്രകാരമുള്ള വ്യത്യസ്ത സാഹചര്യങ്ങളുടെ ഫലമായി ചില കത്തോലിക്കാ സ്‌കൂളുകള്‍ നിര്‍ത്തലാക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ടി വന്നതായും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. അതുവഴി ഒരു രൂപതയ്‌ക്കോ സമര്‍പ്പിത സമൂഹത്തിനോ ആ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്കിടയിലുള്ള സവിശേഷമായ സ്വാധീനമാണ് വിസ്മൃതിയാലാണ്ടു പോകുന്നത്.

സങ്കീര്‍ണമായ നിരവധി വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശ കൈവെടിയാതെ, ഒരേ ഗായകസംഘത്തിലെ അംഗങ്ങളെപ്പോലെ സ്വരച്ചേര്‍ച്ചയോടും ഒത്തൊരുമയോടും കൂടി മുന്നേറണമെന്ന് ബന്ധപ്പെട്ട എല്ലാവരെയും ലേഖനം ആഹ്വാനം ചെയ്യുന്നു.

സര്‍ഗാത്മകവും ഭാവനാപൂര്‍ണവുമായ നല്ല തുടക്കങ്ങളെ, അവ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെങ്കില്‍ പോലും പ്രോത്സാഹിപ്പിക്കണമെന്ന് ലേഖനത്തില്‍ എടുത്തുപറയുന്നു. നമുക്ക് മുന്നിലുള്ള എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും സമയബന്ധിതമായി അഭിമുഖീകരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പഴയതും പുതിയതുമായ മാര്‍ഗങ്ങളിലൂടെ എല്ലാവരെയും ശ്രവിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ലേഖനത്തിലൂടെ ഇരു ഡിക്കാസ്റ്ററികളും സംയുക്തമായി വാഗ്ദാനം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.