ഏക സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്‌ലീം ലീഗിനെ ഒപ്പം കൂട്ടാന്‍ സിപിഎം; ലീഗില്‍ ചാപ്പകുത്തിയ 'വര്‍ഗീയത' മായിക്കുന്നു

ഏക സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്‌ലീം ലീഗിനെ ഒപ്പം കൂട്ടാന്‍ സിപിഎം; ലീഗില്‍ ചാപ്പകുത്തിയ 'വര്‍ഗീയത' മായിക്കുന്നു

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ മുന്‍നിര്‍ത്തി മുസ്‌ലീം ലീഗിനെ ഒപ്പം കൂട്ടാന്‍ ശ്രമമാരംഭിച്ച് സിപിഎം. നേരത്തെ നടത്തിയ ശ്രമങ്ങള്‍ പാളിയതിനെ തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ലീഗിനെ എല്‍ഡിഎഫ് പാളയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സിപിഎം പുനരാരംഭിച്ചിരിക്കുന്നത്.

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ജനാധിപത്യ പാര്‍ട്ടിയാണ് മുസ്‌ലീം ലീഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിലൂടെ മുമ്പ് ഇടത് നേതാക്കള്‍ ലീഗില്‍ ചാര്‍ത്തിയ വര്‍ഗീയ ചാപ്പ മായിച്ച് കളയുന്നതിന്റെ സൂചനയാണ്. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയോട് സിപിഎമ്മിന് വ്യത്യസ്ഥ സമീപനമാളുള്ളതെന്നും കൂടി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസുമായി ചേര്‍ന്നാണല്ലോ അവര്‍ നില്‍ക്കുന്നത്. വിട്ടുവരുമ്പോഴല്ലേ ആലോചിക്കേണ്ടത്. സിപിഎമ്മിന് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ പ്രത്യേകമായ കാഴ്ചപ്പാടുണ്ട്. ലീഗുമായിട്ടൊക്കെ മുമ്പ് തങ്ങള്‍ക്ക് ബന്ധമുണ്ടായിട്ടുണ്ട്. ഇഎംഎസിന്റെ സര്‍ക്കാര്‍ സഖ്യമുണ്ടാക്കിയില്ലേ. ഇപ്പോള്‍ ഐഎന്‍എല്ലുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ട്.

ന്യൂനപക്ഷങ്ങളിലെ ജനാധിപത്യ പാര്‍ട്ടികളുമായെല്ലാം കാലാകാലങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയം രൂപപ്പെടുന്നത് രാഷ്ട്രവുമായി ബന്ധപ്പെട്ടാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഓരോരുത്തരുമെടുക്കുന്ന നിലപാടുണ്ട്. അത് നമ്മുടേതുമായി യോജിക്കാവുന്നതാണോയെന്ന് നോക്കിയേ മുമ്പോട്ട് പോകാനാവൂ'- ദേശീയാടിസ്ഥാനത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും ഗോവിന്ദന്‍ പറഞ്ഞു.

എക സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ലീഗിനെ ഒപ്പം ചേര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.