എഐ ക്യാമറ കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍: അപകട മരണം കുറഞ്ഞെന്ന് മന്ത്രി; കൂടുതല്‍ നിയമലംഘനം ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത്

എഐ ക്യാമറ കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍: അപകട മരണം കുറഞ്ഞെന്ന് മന്ത്രി; കൂടുതല്‍ നിയമലംഘനം ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത്

തിരുവനന്തപുരം: നിര്‍മിത ബുദ്ധി (എഐ) ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് റോഡ് അപകട മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. 2022 ജൂണില്‍ സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണില്‍ റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞെന്ന് ക്യാമറകളുടെ പ്രവര്‍ത്തന അവലോകനത്തിന് ശേഷം മന്ത്രി വിശദീകരിച്ചു.

ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ മൂന്ന് വരെ 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 7,41,766 എണ്ണം സൂക്ഷമപരിശോധന നടത്തുകയും 1,77,694 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകള്‍ തപാലില്‍ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ കുടിശിക പൂര്‍ത്തിയാക്കാന്‍ കെല്‍ട്രോണിനോട് നിര്‍ദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍. 73887 എണ്ണം. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-57032, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്്-49775, മൊബൈല്‍ ഫോണ്‍ ഉപയോഗം-1846, മൂന്ന് പേരുമായുള്ള ഇരുചക്ര വാഹന യാത്ര-1818 എന്നിങ്ങനെയാണ് ജൂലൈ മൂന്ന് വരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 ക്യാമറകളില്‍ 10 എണ്ണം ഈ മാസം പുനസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ എന്‍ഐസി വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്ക് കൂടി പിഴ ഈടാക്കും.

പുതുക്കിയ വാഹന വേഗപരിധിയുടെയും പാര്‍ക്കിംഗ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം നാളെ ചേരുമെന്നും മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സിഎംഡി നാരായണ മൂര്‍ത്തി, എന്‍ഐസി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.