സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടം: എട്ട് ജില്ലകളില്‍ വ്യാഴാഴ്ചയും അവധി; എംജി പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടം: എട്ട് ജില്ലകളില്‍ വ്യാഴാഴ്ചയും അവധി; എംജി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ താലൂക്കളിലുംപെടുന്ന അംഗന്‍വാടികള്‍ മുതല്‍ പ്രഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജൂലൈ ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു. മറ്റ് സര്‍വകലാശാലകളിലെ പരീക്ഷകളില്‍ മാറ്റമില്ല.

മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. മലപ്പുറം മഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടിന് സമീപം വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. 15 ലേറെ വീടുകള്‍ക്ക് കേടുപാട് പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

കോഴിക്കോട് വടകര മണിയൂര്‍ കുറുന്തോടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ തേക്ക് മരം വീണു. മരം ഇലക്ട്രിക് പോസ്റ്റില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവാക്കി. പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. കോഴിക്കോട് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ കീഴ്പ്പയ്യൂരിലെ പാറച്ചാലില്‍ കുഞ്ഞിരാമന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു.

ശക്തമായ മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പുറക് വശത്തെ കോഴി ഫാമിനോട് ചേര്‍ന്നുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഒമ്പതാം ബ്ലോക്കിന് സമീപം 25 മീറ്ററോളം ഭാഗം നിലംപരിശായി. തല്‍കാലികമായി ഷീറ്റ് വച്ച് ഇവിടം മറച്ചിരിക്കുകയാണ്. അവധിയില്‍ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാന്‍ ജയില്‍ സൂപ്രണ്ട് ഉത്തരവിറക്കി.

കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ താല്‍കാലിക പാത ഒലിച്ചുപോയി. വയനാട്ടിലും മലപ്പുറത്തും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാസര്‍ഗോഡ് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകര്‍ന്നു. ആര്‍ക്കും അപകടമില്ല. ഓഫീസില്‍ നിന്ന് ഫയലുകള്‍ മാറ്റി. പത്തനംതിട്ട തിരുവല്ലയില്‍ നിരണം പനച്ചിമൂട് എസ് മുക്കില്‍ 135 വര്‍ഷം പഴക്കമുള്ള സിഎസ്‌ഐ പള്ളി തകര്‍ന്നു വീണു.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളിലേക്ക് ചെറുമരം കടപുഴകി വീണു. വീടിന് കാര്യമായ കേടുപാടുകള്‍ ഇല്ല. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ മഴക്കെടുതിയില്‍ ഭാഗികമായി തകര്‍ന്നു. ചിറ്റൂര്‍ താലൂക്കില്‍ ഒരു വീടിന് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചു. ഇടുക്കി പീരുമേട് പാമ്പനാര്‍ കരടിക്കുഴി എല്‍പി സ്‌കൂളിന്റെ ഭിത്തി ഇടിഞ്ഞു. സ്‌കൂള്‍ അവധിയായതിനാല്‍ അപകടമൊഴിവായി. വയനാട് പനമരത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു.

സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. മണിമലയാര്‍, അച്ചന്‍കോവിലാര്‍, മീനച്ചിലാര്‍, പമ്പ, പെരിയാര്‍, ചാലക്കുടിപ്പുഴ തുടങ്ങി മധ്യ കേരളത്തിലെയും വടക്കന്‍ കേരളത്തിലേയും ഒട്ടുമിക്ക നദികള്‍ നിറഞ്ഞു. ശക്തമായ മഴയില്‍ മുണ്ടക്കയത്ത് മലവെളളപാച്ചിലുണ്ടായി. ഇടുക്കി പീരുമേട് 48 മണിക്കൂറില്‍ 321 എംഎം മഴയാണ് പെയ്തത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി.

ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടിയുടെ രണ്ടു ഷട്ടറും കൂടി 90 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുതലാണ്. എറണാകുളം ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ തീര മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയില്‍ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ തിരയില്‍ വെള്ളം റോഡിലേക്കും കയറി. എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തൃശൂര്‍ അഞ്ചങ്ങാടി വളവില്‍ കടല്‍ക്ഷോഭത്തില്‍ തീരദേശ പാതയോരത്തെ ആളൊഴിഞ്ഞ കെട്ടിടം കടലെടുത്തു

കോഴിക്കോട് ചാലിയത്ത് ബോട്ട് കടലില്‍ അകപ്പെട്ടു. മൂന്ന് ദിവസം മുമ്പ് ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ യുകെ. സണ്‍സ് എന്ന ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം അഞ്ച് പേരാണ് ബോട്ടില്‍ ഉള്ളത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.

വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ടുകളുടെയും മറ്റ് ടൂറിസ്റ്റ് ബോട്ടുകളുടെയും സര്‍വീസുകള്‍ നിര്‍ത്തിവക്കാന്‍ ആലപ്പുഴ കളക്ടര്‍ ഉത്തരവിട്ടു.
വയനാട്ടില്‍ മലയോര മേഖലകളില്‍ ട്രക്കിങ് നിരോധിച്ചു. കാലവര്‍ഷത്തില്‍ മലയോര പ്രദേശങ്ങളില്‍ ദുരന്തസാധ്യത വര്‍ധിക്കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലായി നിലവില്‍ 47 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 879 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു. 581 പേരെ മാറ്റി പാര്‍പ്പിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യല്ലോ അലേര്‍ട്ട് ആണ്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജലനിരപ്പ് ഉയരുന്നതിനാലും ഒഴുക്ക് വര്‍ധിക്കുന്നതിനാലും ജലാശയങ്ങളിലും പുഴകളിലും ഇറങ്ങാന്‍ പാടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.