അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന് ഓട്ടോണമസ് പദവി; മികവിന്റെ പഠന കേന്ദ്രത്തിന് മറ്റൊരു പൊന്‍തൂവല്‍ക്കൂടി

അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന് ഓട്ടോണമസ് പദവി; മികവിന്റെ പഠന കേന്ദ്രത്തിന് മറ്റൊരു പൊന്‍തൂവല്‍ക്കൂടി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന് സ്വതന്ത്ര ഭരണാവകാശം (ഓട്ടോണമസ്) ലഭിച്ചു. കഴിഞ്ഞ മാസം 27 ന് ചേര്‍ന്ന കോളജ് സ്റ്റാന്റിങ് കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ച് യുജിസിയാണ് അംഗീകാരം നല്‍കിയത്. 2032-33 അധ്യായന വര്‍ഷം വരെ 10 വര്‍ഷത്തേക്കാണ് സ്വയം ഭരണാവകാശം കോളജിന് ലഭിക്കുക. തുടര്‍ന്ന് അംഗീകാരം നീട്ടിക്കിട്ടുന്നതിന് കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പ് അപേക്ഷ നല്‍കണം. കോളജിന് ഓട്ടേണമസ് പദവി ലഭിച്ചത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. 

രണ്ട് ദശാബ്ദമായി മികവുറ്റ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്ന സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് കോളജുകളിലൊന്നാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്. ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങള്‍, പരിണതപ്രജ്ഞരായ അധ്യാപകര്‍, ഉയര്‍ന്ന വിജയശതമാനം, ആകര്‍ഷകമായ പ്ലേസ്മെന്റ് റെക്കോര്‍ഡ്, ഇതിനെല്ലാം പുറമേ വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സംരംഭകത്വ അന്തരീക്ഷവുമൊക്കെയാണ് ഓരോ വിദ്യാര്‍ഥിയെയും അമല്‍ ജ്യോതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

യുജിസിയുടെ കീഴിലുള്ള നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കേരളത്തിലെ 119 ന്യൂ ജനറേഷന്‍ എന്‍ജിനീയറിങ് കോളജുകളില്‍ 'എ' ഗ്രേഡ് നല്‍കി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളജാണ് അമല്‍ ജ്യോതി. സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) അംഗീകാരം ആദ്യമായി നേടിയത് ഇവിടുത്തെ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ ആയിരുന്നു.

സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍ എന്നീ വിഭാഗങ്ങള്‍ 2022 ല്‍ അക്രഡിറ്റേഷന്‍ നേടി. 2016 ല്‍ നടന്ന കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ടെക് ഫെസ്റ്റിനും കേരള ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസിനും വേദിയായതും അമല്‍ ജ്യോതിക്ക് ലഭിച്ച അംഗീകാരങ്ങളാണ്. 2021 ല്‍ നടന്ന അടല്‍ റാങ്കിങ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓണ്‍ ഇന്നവേഷന്‍ അച്ചീവ്‌മെന്റ്‌സ് (അരിയ) റാങ്കിങ്ങില്‍ അമല്‍ ജ്യോതി ബാന്‍ഡ് 'എക്‌സലന്റ്' നേടിയത് കോളജിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ 2001 ല്‍ നാല് ബാച്ചുകളുമായാണ് അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി- എരുമേലി ഹൈവേയിലെ കൂവപ്പള്ളിയില്‍ ഇന്ന് കാണുന്ന വിശാലമായ ക്യാമ്പസ് 2003 ല്‍ കേന്ദ്ര മാനവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയാണ് ഉദ്ഘാടനം ചെയ്തത്. ഒരു എന്‍ജിനീയറിങ് സിറ്റി എന്ന ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ഹരിതാഭ പുതച്ചു നില്‍ക്കുന്ന മനോഹരമായ കോളജ് ക്യാമ്പസ് സ്ഥാപിതമായത്.

63 ഏക്കറില്‍ 16 ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള വിശാലമായ കോളജ് കെട്ടിടം. ഇതിനോട് ചേര്‍ന്ന് 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ലേഡീസ് ഹോസ്റ്റലും 1300 പേര്‍ക്ക് താമസിക്കാവുന്ന ജെന്റ്‌സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളജില്‍നിന്ന് നേരിട്ടെത്താന്‍ നിര്‍മിച്ച മനോഹരമായ സ്‌കൈ വോക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ഒരു എന്‍ജിനീയറിങ് വിസ്മയമാണ്. ജെന്റ്സ് ഹോസ്റ്റലിലേക്ക് പ്രവേശിക്കാനും അക്കാദമിക് ബ്ലോക്കില്‍നിന്ന് മറ്റൊരു ബ്രിജ് ഉണ്ട്.

മൂന്ന് നിലകളിലായി സെന്‍ട്രല്‍ ലൈബ്രറിക്ക് പുറമേ ഡിപ്പാര്‍ട്‌മെന്റ് ലൈബ്രറികള്‍, ലബോറട്ടറികള്‍, റിസര്‍ച്ച് ലാബ്, 1500 ലേറെ കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വൈഫൈ, 200 കെവി സോളാര്‍ പവര്‍ പ്ലാന്റ്, 1120 കെവി ജനറേറ്റര്‍ എന്നിങ്ങനെ നീളുന്നു കോളജ് ഒരുക്കുന്ന ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.