മണിപ്പുരിൽ വെടിവെയ്പ്പിന് പിന്നാലെ ഭൂചലനവും: മൂന്ന് പേർ കൊല്ലപ്പെട്ടു; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 3.3 തീവ്രത

മണിപ്പുരിൽ വെടിവെയ്പ്പിന് പിന്നാലെ ഭൂചലനവും: മൂന്ന് പേർ കൊല്ലപ്പെട്ടു; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 3.3 തീവ്രത

ഇംഫാൽ: മണിപ്പുരിൽ അറുതിയില്ലാതെ ദുരിതങ്ങൾ തുടരുന്നു. ഇന്നലെ മൂന്ന് പേരുടെ മരണത്തിനിടെയാക്കിയ വെടിവെയ്പ്പിന് പിന്നാലെ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. 

ബിഷ്‌ണുപുർ ജില്ലയിലുണ്ടായ വെടിവയ്പ്പിൽ പതിനേഴുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട് പേർ കൂക്കി വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ മെയ്തെയ് വിഭാഗത്തിലെയാളുമാണ്. 

കലാപത്തിൽ ആളുകൾ തമ്മിൽ അക്രമവും വെടിവയ്പ്പുമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പതിനേഴുകാരന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. 

മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാർ മണിപ്പുർ സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും കലാപമുണ്ടായത്. എംപിമാരുടെ സംഘം നിരവധി ക്യാമ്പുകൾ സന്ദർശിച്ച് ജനങ്ങളുമായി സംസാരിച്ചിരുന്നു.

മണിപ്പൂർ ഗവർണർ അനുസൂയ യുകിയെ കാര്യങ്ങൾ ബോധിപ്പിച്ചു. ബിരേൻ സിങ്ങ് സർക്കാരിലുണ്ടായ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതായും മണിപ്പൂർ സന്ദർശിച്ച ഇടതുപക്ഷ എംപി ജോൺ ബ്രിട്ടാസ് ട്വിറ്ററിൽ കുറിച്ചു.

മണിപ്പുരിൽ മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ 120 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേർക്ക് പരുക്കേറ്റിരുന്നു. 

അതേസമയം ഉഖ്രുൽ ജില്ലയ്ക്ക് സമീപം 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച അരുണാചൽ പ്രദേശിലെ ചാങ്‌ലാംഗിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേ ദിവസം തന്നെ ലഡാക്കിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി . കാർഗിലിന് 401 കിലോമീറ്റർ വടക്ക് 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.