മലപ്പുറം: ഏക സിവില്‍ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നാഭിപ്രായം. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്ന് രാവിലെ 9.30 ന് പാണക്കാട് ലീഗ് നേതാക്കള്‍ അടിയന്തര യോഗം ചേരും.
സിപിഎമ്മിന്റെ ക്ഷണം തള്ളാനാണ് കൂടുതല്‍ സാധ്യത. കൂടാതെ സിവില്‍ കോഡില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികള്‍ സംബന്ധിച്ചും തീരുമാനമുണ്ടാകും.
ജൂലൈ 15 നാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച് സിപിഎമ്മിന്റെ സെമിനാറുകള്‍ ആരംഭിക്കുന്നത്. കോഴിക്കോടാണ് ആദ്യ സെമിനാര്‍. ഇതില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗ് നേതാക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗിനെ ചേര്‍ക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും അതില്‍ വീഴേണ്ടതില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളത്. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സിപിഎമ്മുമായി സഹകരണമാകാമെന്ന നിലപാട് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ലീഗിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളും ഏക സിവില്‍ കോഡ് വിഷയത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചാലും അതുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
പൗരത്വ ബില്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിച്ചുവോ അതിനെതിരായി ആരോട് ഒക്കെ സഹകരിച്ചുവോ അതേ സഹകരണം തുടരാമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മതം അനുശാസിക്കുന്ന ആചാരത്തിനും നിയമത്തിനും സ്വാതന്ത്ര്യം വേണം. ഏക സിവില്‍ കോഡില്‍ ആശങ്കയറിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കാണുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.