ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ യുദ്ധ വിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ആഴ്ച ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണ് അറിയുന്നത്.
ഇതുപ്രകാരം ഇന്ത്യന്‍ നാവിക സേനയ്ക്ക് 22 സിംഗിള്‍ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയ്‌നര്‍ വിമാനങ്ങളും ലഭിക്കും. സുരക്ഷാ വെല്ലുവിളികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഈ യുദ്ധ വിമാനങ്ങളും അന്തര്‍ വാഹിനികളും അടിയന്തരമായി വാങ്ങാന്‍ നാവിക സേന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഐഎന്‍എസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാന വാഹിനിക്കപ്പലുകളില്‍ നിലവില്‍ മിഗ് 29 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതില്‍ റഫേല്‍ വിമാനങ്ങള്‍ ആവശ്യമാണ്. അതേസമയം, മുംബൈയിലെ മസഗോണ്‍ ഡോക്ക്യാര്‍ഡ്സ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്ന പ്രോജക്ട് 75 ന്റെ ഭാഗമായി മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നാവികസേന റിപ്പീറ്റ് ക്ലോസ് പ്രകാരം ഏറ്റെടുക്കും.
90,000 കോടി രൂപയിലധികമാണ് ഇടപാടുകള്‍ക്കായി പ്രതീക്ഷിക്കുന്നതെങ്കിലും കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ അന്തിമ ചിലവ് വ്യക്തമാകൂ. ഇടപാടില്‍ വില ഇളവുകള്‍ തേടാന്‍ സാധ്യതയുണ്ടെന്നും അതിനായി 'മേക്ക് ഇന്‍ ഇന്ത്യ' പ്രകാരം നിര്‍മാണം ഇവിടെ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെടും.
36 യുദ്ധവിമാനങ്ങള്‍ക്കായുള്ള മുന്‍ റഫേല്‍ കരാറിലെന്ന പോലെ റഫാല്‍ എം ഇടപാടിനായി ഇന്ത്യയും ഫ്രാന്‍സും സംയുക്ത സംഘം രൂപീകരിക്കും. ഈ നിര്‍ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നതതല യോഗങ്ങളില്‍ ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.