നാഗര്‍കോവില്‍: ക്രിസ്ത്യന്‍ മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ഡി.എം.കെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കനല്‍ കണ്ണന്‍. ജൂലൈ ഒന്നിനാണ് ഇയാള്‍ക്കെതിരെ കേസ് എടുക്കുന്നത്. കനല്‍ കണ്ണന്റെ ട്വീറ്റീലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും പരാതിക്കാരനായ ഓസ്റ്റിന്‍ ബെനറ്റ് ആരോപിച്ചു.
ഇത് ആദ്യമായല്ല കനല്‍ കണ്ണന്‍ വിവാദങ്ങളില്‍ കുടുങ്ങുന്നത്. 2022ല്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കനല്‍ കണ്ണന്‍ അറസ്റ്റിലായിരുന്നു. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് കനല്‍ കണ്ണന്‍ ഒരു പ്രസംഗ മധ്യേ ആഹ്വാനം ചെയ്തത്.
ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നത്. എന്നാല്‍ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നതെന്നായിരുന്നു കനല്‍ കണ്ണന്‍ അന്ന് പ്രസംഗത്തില്‍ പറഞ്ഞത്. ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006 ലാണ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചത്.
കേസില്‍ കനല്‍ കണ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. നിരവധി സിനിമകളിലും കനല്‍ കണ്ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.