ബംഗളൂരുവിലെ ഇരട്ടക്കൊലപാതകം ക്വട്ടേഷന്‍: പിന്നില്‍ ബിസിനസ് വൈരാഗ്യം; ഉടമ അറസ്റ്റില്‍

 ബംഗളൂരുവിലെ ഇരട്ടക്കൊലപാതകം ക്വട്ടേഷന്‍: പിന്നില്‍ ബിസിനസ് വൈരാഗ്യം; ഉടമ അറസ്റ്റില്‍

ബംഗളൂരു: മലയാളി സിഇഒ അടക്കം രണ്ടുപേരുടെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ എന്ന് പൊലീസ്. കമ്പനികള്‍ തമ്മിലുള്ള ബിസിനസ് വൈരമാണ് ക്വട്ടേഷന്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍. വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ കൊല്ലപ്പെട്ടത്. എയറോണിക്‌സ് മീഡിയയുമായി ബിസിനസ് വൈരമുള്ള ജിനെറ്റ് ബ്രോഡ് ബാന്‍ഡ് ഉടമ അരുണ്‍ കുമാറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

കേസില്‍ ഹെബ്ബാളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുണ്‍ കുമാറിനെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതതായും പൊലീസ് അറിയിച്ചു. കേസില്‍ നേരിട്ട് പങ്കാളിയായ ജോക്കര്‍ ഫെലിക്‌സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെ ഇന്ന് രാവിലെ പിടികൂടിയിരുന്നു. കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് പിടിയിലായ ഫെലിക്‌സ്.

അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ എയറോണിക്‌സ് കമ്പനിയുടെ ഓഫീസില്‍ കടന്നുകയറി ഫെലിക്‌സ് ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. ഫണീന്ദ്ര സുബ്രഹ്മണ്യ നേരത്തെ ജിനെറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജിനെറ്റ് കമ്പനി വിട്ട് ഫണീന്ദ്ര മറ്റൊരു സ്ഥാപനം തുടങ്ങിയതിന്റെ വൈരാഗ്യമാണ് വാടക കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ അരുണ്‍ കുമാറിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

എയറോണിക്‌സ് മീഡിയയില്‍ നിന്ന് ഫെലിക്സിനെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഫെലിക്സ് മറ്റൊരു ഇന്റര്‍നെറ്റ് കമ്പനിക്കു രൂപം നല്‍കി. പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഫെലിക്സിന് എയറോണിക്സ് കമ്പനിയുമായി ബിസിനസ് വൈരം ഉണ്ടായിരുന്നു. ഇത് അരുണ്‍ കുമാര്‍ മുതലെടുത്ത് ഫെലിക്സിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കമ്പനിയിലെ ജീവനക്കാര്‍ നോക്കിനില്‍ക്കേയാണ് ഫെലിക്സും വിനയ് റെഡ്ഡിയും സന്തോഷും അടങ്ങുന്ന സംഘം ഇരുവരെയും കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് വിനുകുമാറും ഫണീന്ദ്ര സുബ്രഹ്മണ്യുവും മരിച്ചത്. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്‌സ് വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് എയ്‌റോണിക്‌സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്‌സ് ടിക്ടോക് താരം കൂടിയാണെന്നും പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.