ഏക സിവില്‍ കോഡ്: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി നിയമ കമ്മീഷന്‍

ഏക സിവില്‍ കോഡ്:  പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയ പരിധി ഈ മാസം 28 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമ്മീഷന്റെ നടപടി.

രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ് നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടിയത്.

ജൂണ്‍ 14 നാണ് ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് നിയമ കമ്മീഷന്‍ വിജ്ഞാപനമിറക്കിയത്. ഒരു മാസത്തെ സമയമാണ് ഇതിനായി നല്‍കിയത്. വിവിധ മത സംഘടനകളില്‍ നിന്നുള്‍പ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം നേരിട്ടും ഓണ്‍ലൈനായും ലഭിച്ചത്.

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. താല്‍പര്യമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ജൂലൈ 28 വരെ അഭിപ്രായം അറിയിക്കാമെന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ ഇരുപത്തിയൊന്നാം നിയമ കമ്മീഷന്‍ ഇതു സംബന്ധിച്ച് രണ്ടു വട്ടം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. ഈ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിതല്‍ 2018 ഓഗസ്റ്റില്‍ കുടുംബ നിയമങ്ങളിലെ പരിഷ്‌കരണം എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നിലവിലെ നിയമ കമ്മീഷന്‍ പുതിയ കണ്‍സള്‍ട്ടേഷന് തുടക്കമിട്ടത്. നേരത്തെ പൊതുജനങ്ങളുമായി നടത്തിയ ആശയ വിനിമയം അഞ്ച് വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് പുതുതായി അഭിപ്രായം തേടുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.