ക്രൈസ്തവ നോമിനേഷനെ അട്ടിമറിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ നേതാവ്.
കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരുടെ വോട്ടു വാങ്ങി അധികാരത്തിലെത്തുകയും കേരളം പിടിക്കാന്‍ ക്രൈസ്തവ സ്‌നേഹം ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ബിജെപി, ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഒരു ക്രിസ്ത്യാനിയെ പോലും ഉള്‍പ്പെടുത്താതെ രാഷ്ട്രീയ വഞ്ചന തുടരുന്നു.
നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായ ജോര്‍ജ് കുര്യന്‍ 2020 ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പദവി ഒഴിഞ്ഞതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ക്രിസ്ത്യന്‍ പ്രതിനിധിയെ പോലും നിയമിച്ചിട്ടില്ല. എന്നാല്‍ ക്രൈസ്തവര്‍ ഒഴികെയുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെ പ്രതിനിധികള്‍ കമ്മീഷനിലുണ്ട്.
ഇന്ത്യയില്‍ ന്യൂനപക്ഷമെന്ന് ഔദ്യോഗിക അംഗീകാരം ലഭിച്ച ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതങ്ങളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സ്ഥാപനമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (എന്‍സിഎം). പഞ്ചാബില്‍ നിന്നുള്ള ഇഖ്ബാല്‍ സിങ് ലാല്‍പുരയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എന്‍സിഎമ്മിന്റെ നിലവിലെ ചെയര്‍മാന്‍. ക്രൈസ്തവ പ്രതിനിധിയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യമുയര്‍ന്നെങ്കിലും ബിജെപി സര്‍ക്കാര്‍ ഉരുണ്ടുകളി തുടരുകയാണ്.
രാജ്യസഭയിലേക്കുള്ള ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയുടെ നോമിനേഷന്‍ മരവിപ്പിച്ചതു പോലെയുള്ള സാഹചര്യമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഇപ്പോഴുള്ളത്. രാജ്യത്തെ ക്രൈസ്തവരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥ.
ബിജെപിയുടെ ദേശീയ ഭാരവാഹി ആയിട്ടുള്ള ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ പറയുന്നത്. മാത്രമല്ല പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ക്രൈസ്തവരെ അകറ്റി നിര്‍ത്തുന്നതിലും സവര്‍ണ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഈ നേതാവിന് നിര്‍ണായക റോളുണ്ടെന്നാണ് ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.