കര്‍ണാടകയില്‍ ജെഡിഎസ്-ബിജെപി സഖ്യം വീണ്ടും; ലക്ഷ്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്

കര്‍ണാടകയില്‍ ജെഡിഎസ്-ബിജെപി സഖ്യം വീണ്ടും; ലക്ഷ്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്

ബംഗളൂരു: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ ജെഡിഎസിനെ ഒപ്പം ചേര്‍ത്തുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി. ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ദേവഗൗഡയുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ പറഞ്ഞു. 

ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ചില അഭിപ്രായങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ഭാവി രാഷ്ട്രീയ തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പ്രാവശ്യം 28 ല്‍ 25 സീറ്റും നേടിയ അതേ വിജയമോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സീറ്റോ നേടാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയും ജെഡിഎസും ഒന്നിച്ച് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ നേതാക്കള്‍ സൂചന നല്‍കിയിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഇരു പാര്‍ട്ടികളും ഒരുമിച്ച് അണിനിരക്കുമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയും പറഞ്ഞിരുന്നു. 

നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുള്ള മറുപടി കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കം. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടി അധികാരത്തിലുള്ള കോണ്‍ഗ്രസിന് പുതിയ സംഖ്യം തിരിച്ചടിയായേക്കില്ല. എന്നാല്‍ രാഷ്ട്രീയമായ കരുത്ത് നേടാന്‍ 66 സീറ്റ് മാത്രമുള്ള ബിജെപിക്ക് ജെഡിഎസിന്റെ പിന്തുണ തുണച്ചേക്കും. 19 സീറ്റ് മാത്രമാണ് കഴിഞ്ഞ ടേമില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് അധികാരം പങ്കിട്ട ജെഡിഎസിന് ഇപ്പോഴുള്ളത്. ജെഡിഎസ് എന്‍ഡിഎയിലേക്ക് വരുന്നതോടെ പ്രതിപക്ഷ ശക്തി കൂടുതല്‍ ബലപ്പെടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.