ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. സ്പീക്കര്‍ യു.ടി. ഖാദറാണ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തത്. ഇതേ തുടര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പടെയുള്ള ബിജെപി എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിജെപി എംഎല്‍എമാരുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായത്.
സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമണി ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചയുമായി മുന്നോട്ട് പോയതോടെ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടുക്കളത്തിലിറങ്ങിയ എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞു.
ബഹളം കനത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്നാണ് സഭാ അച്ചടക്ക ചട്ടം ചൂണ്ടിക്കാട്ടി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടി സമ്മേളനത്തിന് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടിയെ നേരത്തെ ബിജെപിയും ജെഡിഎസും ചോദ്യം ചെയ്തിരുന്നു.
അതേസമയം കര്‍ണാടക സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്റെ ഭാഗമായിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരിച്ചു. ബംഗളൂരുവിലേക്ക് വന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും മുന്‍ കേന്ദ്രമന്ത്രിമാരേയും അതിഥികളായാണ് കണ്ടത്. ഇത്തരം വിശിഷ്ടാതിഥികളെ മാത്രം സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.