മധ്യപ്രദേശില്‍ രണ്ടാം അഭിപ്രായ സര്‍വേയും കോണ്‍ഗ്രസിന് അനുകൂലം; വ്യക്തമായ ഭൂരിപക്ഷമെന്ന് പ്രവചനം

മധ്യപ്രദേശില്‍ രണ്ടാം അഭിപ്രായ സര്‍വേയും കോണ്‍ഗ്രസിന് അനുകൂലം; വ്യക്തമായ ഭൂരിപക്ഷമെന്ന് പ്രവചനം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രണ്ടാമത് പുറത്തു വന്ന സര്‍വേ ഫലവും കോണ്‍ഗ്രസിന് അനുകൂലം. നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ പ്രവചിച്ചു.

130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് ലോക്‌പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ബി.എസ്.പി രണ്ട സീറ്റും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെ നടത്തിയ സര്‍വേയുടെ ഭാഗമാക്കിയത്.

40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബി.ജെ.പിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടു വിഹിതവും പ്രവചിക്കുന്നു.

സംസ്ഥാനത്തെ ഏഴ് മേഖലകളില്‍ അഞ്ചിടത്തും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. ഗ്വാളിയാര്‍-ചമ്പല്‍ (21-23 സീറ്റുകള്‍), വിന്ദ്യ (17-19), മഹാകുശാല്‍ (30-33), മാള്‍വ (29-32), നിമര്‍ (10-12) എന്നീ മേഖലകളില്‍ കോണ്‍ഗ്രസ് മുന്നിലെത്തും.

നര്‍മദ (21-23 സീറ്റുകള്‍), ബുണ്ടേല്‍ഖണ്ഡ് (14-16) മേഖലയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.