കൊച്ചി: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള കാതോലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി). ഇത്തരം സംഭവങ്ങൾ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും അത് അടിച്ചമർത്താൻ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലതെന്നും കെസിബിസി പറഞ്ഞു
ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കണം. ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ് നടപടികൾ സ്വീകരിക്കേണ്ടത്. സർക്കാർ നടപടി എടുക്കാതിരുന്നാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്‌ക്രിയത്വമാണ് മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വച്ചുപുലർത്തുന്നത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സകലരും ഒരു വിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂർ കലാപത്തെ അപലപിക്കുന്നതിനും കലാപം അടിച്ചമർത്തി സമാധാനം പുനസ്ഥാപിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും മുന്നോട്ടു വരുന്നത് പ്രതീക്ഷ നൽകുന്നെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26