ചന്ദ്രയാന്‍ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഓഗസ്റ്റ് ഒന്നിന് പേടകം ചാന്ദ്ര വലയത്തിലേക്ക്

ചന്ദ്രയാന്‍ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം; ഓഗസ്റ്റ് ഒന്നിന് പേടകം ചാന്ദ്ര വലയത്തിലേക്ക്

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. അഞ്ചാമത്തെതും അവസാനത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ആണ് ഇന്ന് നടന്നത്.

ഭൂമിയോട് അടുത്ത ഭ്രമണപഥം 236 കിലോമീറ്ററില്‍ എത്തിയതോടെ പ്രൊപ്പല്‍ഷ്യല്‍ മോഡ്യൂള്‍ ജ്വലിപ്പിച്ച് 127606 കിലോമീറ്റര്‍ ഭ്രമണപാതയിലേക്ക് ആണ് പേടകത്തെ ഉയര്‍ത്തിയത്.

ഇനി ഭൂമിയെ വലയം ചെയ്ത് അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ വീണ്ടും പ്രൊപ്പല്‍ഷ്യല്‍ മൊഡ്യൂള്‍ ജ്വലിപ്പിച്ച് ചാന്ദ്ര വലയത്തിലേക്ക് പേടകം യാത്ര തിരിക്കും. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്ര വലയത്തിലേക്ക് പ്രവേശിക്കും.

ഓഗസ്റ്റ് ഒന്നിന് രാത്രി 12 നും ഒന്നിനും ഇടയിലാണ് ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ നടക്കുക. ഭൂമിയുടെ അടുത്ത ഭ്രമണപഥം 170 ല്‍ നിന്ന് 236 ആയും അകലെയുള്ളത് 36,500ല്‍ നിന്ന് 127609 ആയും മാറി. ഓഗസ്റ്റ് ആദ്യവാരം ചന്ദ്രനെ വലയം ചെയ്തു തുടങ്ങുന്ന പേടകം, അഞ്ചുതവണ വലം വെച്ച് ചാന്ദ്ര ഭ്രമണപഥം കുറച്ചു കൊണ്ടുവരും.

നൂറ് കിലോമീറ്റര്‍ പരിധിയില്‍ എത്തുമ്പോള്‍ പ്രോപ്പല്‍ഷന്‍ മോഡ്യൂള്‍ ലാന്‍ഡറുമായി വേര്‍പ്പെടും. ഓഗസ്റ്റ് 23 നാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ചന്ദ്രയാന്‍ മൂന്നില്‍ ഉള്ളത്. ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തങ്ങി ഭൂമിയില്‍ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ചന്ദ്രോപരിതലത്തില്‍ ഭൂകമ്പങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ഈ ദൗത്യത്തിലൂടെ കണ്ടെത്തും. ചന്ദ്രയാന്‍ പേടകത്തിന്റെ ഇതുവരെയുള്ള പ്രയാണം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ടു പോയതായി ഐഎസ്ആര്‍ഒ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.