കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്; പണം കൈപ്പറ്റിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യും

കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്; പണം കൈപ്പറ്റിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. പണം കൈപ്പറ്റിയാൽ ഉടനെ ജീവനക്കാരുടെ അവശേഷിക്കുന്ന ശമ്പളം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം മുടങ്ങിയത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സിഎംഡിയുടെ വിശദീകരണം.

കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും കെഎസ്ആർടിസിയെ സഹായിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അറിയിക്കാൻ സർക്കാരിന് അടുത്ത മാസം 15 വരെ ഹൈക്കോടതി സമയം നൽകി. ഓൺലൈനിൽ ഹാജരായാണ് ബിജു പ്രഭാകർ വിശദീകരണം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത്.

ജീവനക്കാർക്ക് ഇതുവരെ രണ്ടാം ഗഡു ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നൽകാനുള്ള 80 കോടി രൂപ ഉടനെ നൽകി ഹൈക്കോടതി നിർദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു ധനകാര്യ മന്ത്രിക്ക് ഫയൽ കൈമാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.