മലയാളികള്‍ക്ക് ബ്ലാസ്റ്റഴ്‌സിന്റെ പുതുവത്സര സമ്മാനം; സീസണിലെ ഏഴാം പോരാട്ടത്തില്‍ കന്നി വിജയം

മലയാളികള്‍ക്ക് ബ്ലാസ്റ്റഴ്‌സിന്റെ പുതുവത്സര സമ്മാനം; സീസണിലെ ഏഴാം പോരാട്ടത്തില്‍ കന്നി വിജയം

പനജി: തങ്ങളുടെ പ്രീയ ടീമിന്റെ പരാജയവും സ്ഥിരം സമനിലയും കണ്ട് മനസു മടുത്ത മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതുവത്സര സമ്മാനവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കന്നി വിജയം നേടുന്നത്.

വമ്പന്‍മാരായ ഹൈദരാബാദ് എഫ്‌സിയെയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 29ാം മിനിട്ടില്‍ മലയാളി താരം അബ്ദുല്‍ ഹക്കു, 88ാം മിനിട്ടില്‍ ജോര്‍ദാന്‍ മറെ (88) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഫകുണ്ടോ പെരേര കോര്‍ണറില്‍നിന്ന് ഉയര്‍ത്തി നല്‍കിയ പന്തില്‍ തല വച്ചാണ് മലപ്പുറം തിരൂരുകാരനായ ഹക്കു സീസണിലെ ആദ്യ ഗോള്‍ നേടിയത്. ഐഎസ്എല്‍ സീസണില്‍ ഹക്കു ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയാണിത്.

രണ്ടാം പകുതിയില്‍ ഹൈദരാബാദ് ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും മലയാളികള്‍ അടക്കമുള്ള പ്രതിരോധനിര എല്ലാ നീക്കങ്ങളും തടഞ്ഞിട്ടു. 88ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി.രോഹിത് കുമാര്‍ നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റതാരം രാഹുലിന് പിടിച്ചെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ മറെയ്ക്ക് പന്തുകിട്ടി. പിഴവുകളില്ലാതെ മറെ ബോള്‍ വലയിലെത്തിച്ചു. മറെയുടെ സീസണിലെ രണ്ടാം ഗോളാണിത്.

മൂന്ന് വിദേശ താരങ്ങളെ മാത്രം ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിട്ടത്. ഫക്കുണ്ടോ, ജോര്‍ദാന്‍ മറെ, വിസെന്റെ ഗോമസ് എന്നിവര്‍ കളിക്കാനിറങ്ങി. പൂര്‍ണമായും ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പിഴവുകളില്ലാതെയാണു കളിച്ചത്. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദും പഴയ ഫോമിലേക്കു തിരിച്ചെത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് ആറ് പോയിന്റ് നേടി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ജനുവരി രണ്ടിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.