ലഹരി വ്യാപനം അപകടകരമായ നിലയില്‍; ശക്തമായ ഇടപെടലുകള്‍ക്ക് സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

ലഹരി വ്യാപനം അപകടകരമായ നിലയില്‍; ശക്തമായ ഇടപെടലുകള്‍ക്ക് സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് ലഹരി വ്യാപനം അപകടകരമായ നിലയിലാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ ഇടപെടലുകള്‍ക്ക് തയാറാകണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍. അടുത്തകാലത്തായി കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ പിന്നില്‍ ലഹരിയുടെ സ്വാധീനമുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് വെല്ലുവിളിയുയര്‍ത്തുന്നതും അതീവ ഗൗരവമായി കാണേണ്ടതാണെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്കിടയില്‍ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തില്‍ സംഭവിച്ചത്. മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കില്‍ ആലുവയില്‍ പിഞ്ചു ബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. 

സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തില്‍ ലഹരി വ്യാപനം അപകടകരമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും ലഹരി ഉപയോഗം പതിവായി നടക്കുന്ന ഇടങ്ങളും സ്ഥിരമായി നിരീക്ഷണ വിധേയമാക്കണം. 

എന്‍ഡിപിഎസ് നിയമത്തില്‍ കാലികമായ പരിഷ്‌കരണങ്ങള്‍ വരുത്തണം. മയക്കുമരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെടുന്നവരുടെ വാഹന ലൈസന്‍സ് റദ്ദാക്കണം. പതിവായി കേസുകളില്‍ അകപ്പെടുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെങ്കില്‍ ലഹരി വിമുക്തി ലക്ഷ്യം വച്ചുകൊണ്ടുള്ള തടവ് ശിക്ഷ നടപ്പാക്കാന്‍ എന്‍ഡിപിഎസ് നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.