ന്യൂഡല്‍ഹി: വിവാദ വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ രാജ്യത്തെ ചില ഏജന്‍സികള്‍ക്ക് മാനദണ്ഡങ്ങളോടെ ഉപയോഗിക്കാനാവുന്ന വിധത്തിലുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.
ബില്ല് പണ ബില്ലായി അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. പണ ബില്ല് പാസായിക്കഴിഞ്ഞാല്‍ രാജ്യസഭ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലോക്സഭയ്ക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തു വന്നത്. എന്നാല്‍ എതിര്‍പ്പ് വോട്ടിനിട്ട് തള്ളി.
ബില്ല് സ്വകാര്യതയ്ക്കുള്ള അവകാശത്തിനെതിരാണെന്നും സംയുക്ത സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിക്കാതെയാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സാധാരണ ബില്ലായി പരിഗണിച്ച് വീണ്ടും സംയുക്ത സഭാസമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ന്നൊല്‍ അവതരിപ്പിച്ചത് പണ ബില്ലല്ലെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്ക് ചര്‍ച്ചയില്‍ മറുപടി നല്‍കുമെന്നും മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
സ്വകാര്യ ഡേറ്റ പരിരക്ഷിക്കാനുള്ള സാധാരണക്കാരുടെ അവകാശവും നിയമപരമായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ വ്യക്തിഗത ഡേറ്റ ഉപയോഗിക്കാനുള്ള അനുമതിയും അംഗീകരിക്കുന്നതാണ് പുതിയ ബില്‍.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയോ വിവര ചോര്‍ച്ച സംഭവിക്കുകയോ ചെയ്താല്‍ 250 കോടി രൂപവരെ പിഴയീടാക്കാനും ഡേറ്റാ സംരക്ഷണത്തിനായി രൂപവല്‍കരിക്കുന്ന ബോര്‍ഡിന് അംഗീകാരമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.