അക്രമങ്ങള്‍ അണയാത്ത മൂന്നു മാസങ്ങള്‍ പിന്നിടുമ്പോഴും അശാന്തിയില്‍ മണിപ്പൂര്‍; കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അക്രമങ്ങള്‍ അണയാത്ത മൂന്നു മാസങ്ങള്‍ പിന്നിടുമ്പോഴും അശാന്തിയില്‍ മണിപ്പൂര്‍; കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. മരിച്ചവര്‍ ക്വാക്ത പ്രദേശത്തെ മെയ്‌തേയ് സമുദായത്തില്‍പ്പെട്ടവരാണ്. കൂടാതെ, പ്രദേശത്തെ നിരവധി വീടുകള്‍ കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചു.

ജില്ലയില്‍ സുരക്ഷാ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അക്രമികള്‍ ബഫര്‍ സോണ്‍ അതിക്രമിച്ച് കടന്ന് മൈതേയ് പ്രദേശങ്ങളിലേക്ക് കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത മേഖലയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫര്‍ സോണ്‍.

മെയ് മൂന്നിനാണ് അക്രമങ്ങള്‍ തുടങ്ങിയത്. മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ കലാപത്തില്‍ ഇതിനോടകം 160 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൂടാതെ, നിരവധി ക്രൈസ്തവ ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ നടന്ന അക്രമങ്ങള്‍ ഓരോന്നായി പുറത്തു വരുന്നുണ്ട്. അതിദാരുണമായ പീഡനങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ണ്ട് യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

മൂന്നു മാസം പിന്നിടുമ്പോഴും സംഘര്‍ഷം നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്നത് വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചത്. സുപ്രിംകോടതി സ്വമേധയാ കേസെടുത്തു സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ അതിരൂക്ഷമായി വിമര്‍ശിച്ചു.

പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിഞ്ഞതും തുടര്‍ന്ന് ആദ്യമായി പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ സഭകള്‍ സ്തംഭിച്ചപ്പോഴും മണിപ്പൂര്‍ കത്തുകയായിരുന്നു.

പ്രതികരിക്കാതെ, നിര്‍ജ്ജീവമായ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല. പകരം മണിപ്പൂരും ഇന്ത്യയുടെ ഭാഗമാണെന്ന് തിരിച്ചറിയുക. ഓരോ ഭാരതീയനും സഹോദരനും സഹോദരിയുമാണെന്ന് പഠിപ്പിക്കുമ്പോള്‍ ദയവായി ആ സഹോദരങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.