ന്യൂഡല്‍ഹി: അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയത്തിന്മേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകുമോ എന്നാതാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍. സ്പീക്കറുമായി ചര്‍ച്ച ചെയ്തശേഷം ലോക്‌സഭാ സെക്രട്ടേറിയറ്റാണ് രാഹുലിന്റെ സഭാ പുനപ്രവേശം സംബന്ധിച്ച് വിജ്ഞാപനമിറക്കേണ്ടത്.
അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കം അംഗത്വം പുനസ്ഥാപിക്കാന്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കി രംഗത്തുണ്ട്. സഭാ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള സക്തമായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അത് സാധ്യമായാല്‍ തങ്ങളുടെ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസിനാവും. രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിക്കുന്നതിനെ മോഡി ഭയക്കുന്നുവെങ്കില്‍ അവര്‍ അത് പറയട്ടേയെന്ന രാഷ്ട്രീയ വെല്ലുവിളി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു.
അപകീര്‍ത്തി കേസിലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന് എം.പി സ്ഥാനം സ്വാഭാവികമായി തിരികെ ലഭിച്ചുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഇനി ബാക്കിയുള്ളത് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ സാങ്കേതികത്വം മാത്രമാണ്.
നേരത്തെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അംഗത്വം തിരികെ നല്‍കുന്നതിലുണ്ടായ കാലതാമസം രാഹുലിന്റെ കാര്യത്തിലുമുണ്ടാവുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.
അന്ന് ഒരു മാസത്തിലേറെയാണ് അംഗത്വം പുനസ്ഥാപിക്കാനുള്ള നടപടികള്‍ വൈകിയത്. പത്തുവര്‍ഷം തടവിന് ശിക്ഷിച്ച വിധി കേരള ഹൈക്കോടതി മരവിപ്പിച്ചിട്ടും സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനസ്ഥാപിച്ചത്.
ഇത്തരത്തില്‍ തീരുമാനം വൈകിപ്പിച്ചാല്‍ പ്രതിപക്ഷ സഖ്യം ഇരുസഭകളിലും പ്രതിഷേധവുമായി രംഗത്തെത്തിയേക്കും. തിങ്കളാഴ്ച സ്പീക്കറെടുക്കുന്ന നിലപാട് അറിഞ്ഞ ശേഷം അംഗത്വം പുനസ്ഥാപിക്കുന്നത് വൈകിപ്പിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.