ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ ഞെരിഞ്ഞമർന്ന ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശ പൂർവ്വമായ ഓർമപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയർത്തുമ്പോൾ വേഷത്തിൻറെയും ഭാഷയുടെയും അതിർത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിൻറെ കൊടുമുടിയിലെത്തും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമായിരുന്നില്ല... ചുടു ചോര ചിന്തി വ്യത്യസ്‌ത ധാരകളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യത്തിലേക്ക് നടന്നു കയറിയത്.
സ്വാന്ത്ര്യത്തിന്റെ 76ാം വർഷത്തിൽ ഇന്ത്യ എല്ലാ അർത്ഥത്തിലും പൂർണ്ണമായും സ്വന്ത്രയായോ? അതിനൊരു അപവാദമാണ് ഇന്ന് ഇന്ത്യയിൽ കാണുന്ന ജനാധിപത്യവിരുദ്ധ നടപടികളും നീക്കങ്ങളും. മണിപ്പൂർ, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമണങ്ങളും കാലപങ്ങളും ഇപ്പോഴും താഴെതട്ടിലുള്ളവർക്ക് സ്വാതന്ത്ര്യം പൂർണമായി അനുഭവിക്കാൻ കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. മതകലാപങ്ങളും അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരാജയമാണ്.. പച്ചയായ മനുഷ്യർ തെരുവുകളിലൂടെ നഗ്നരായി നടത്തപ്പെടുകയും നടുറോഡിൽ ബലാത്സംഗത്തിനിരയാവുകയും ചെയ്യുന്നു.. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ, പുറം ലോകത്തോട് വിളിച്ചോതാതിരിക്കാൻ ഇന്റർനെറ്റടക്കം വിച്ഛേദിച്ച് പൗര സ്വാതന്ത്ര്യം അപ്പാടെ നിഷേധിക്കുന്നു.
ഭരണഘടന നിലനിർത്തുന്നതിലെ ഏറ്റവും വലിയ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ പോലും തർക്കങ്ങൾ ഉടലെടുക്കുന്നത് ജനാധിപത്യം വലിയ അപകടത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും വലിയ അപായ സൂചനയാണ്. സമ്പന്നനും ദരിദ്രനും അധികാരികളും സാധാരണക്കാരും തമ്മിലുള്ള അന്തരം വളരെ വലുതാണ് എന്നതാണ് നാം ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ പോരായ്മ.
ജന സേവകരും ഭരണഘടനയുടെ സംരക്ഷകരും ആകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങുകളിടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ബഹളങ്ങളും സ്തംഭനങ്ങളും പുറത്താക്കലാക്കളും ഏകപക്ഷീയമായ നടപടികളും തുടർക്കഥകളാകുന്നു. ജനകീയ പ്രശ്നങ്ങളിൽ ചർച്ച പോലും നിഷേധിക്കപ്പെടുന്നു അതിന്റെ ഫലമായി നിയമനിർമാണ സഭയിൽ ബില്ലുകൾ നൂലിഴ കീറി പരിശോധിക്കാനുള്ള അവസരമാണ് സർക്കാരും പ്രതിപക്ഷവും നഷ്ടമാക്കുന്നത്.
ഇന്ത്യയെന്ന ദേശരാഷ്ട്രം വൈവിധ്യങ്ങളിലാണ് നിലനിൽക്കുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുകയും വ്യത്യസ്തങ്ങളായ സാംസ്കാരിക ജീവിതം നയിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളാണ് നമുക്കിടയിൽ ഉള്ളത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ കൊളോണിയൽ ശക്തികളിൽനിന്നും നേടിയ വിമോചനം ചരിത്രസ്മരണയായി ആർത്തിരമ്പുമ്പോഴും ആഭ്യന്തര കൊളോണിയലിസവും ജാതി ബ്രാഹ്മണ്യവും പൗരരെ ഞെരുക്കുന്ന കാഴ്ചയാണ്.
സ്വാതന്ത്ര്യം നേടി 76 വർഷം പൂർത്തിയാകുമ്പോഴും അസമത്വത്തിന്റെ കൊടിയ ദുരിതങ്ങളെ നിർവീര്യമാക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിയിരിക്കുന്നു എന്നുള്ള വസ്തുത സൂചിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ പ്രയോഗികതയിൽ നേരിടുന്ന വെല്ലുവിളികളെ തന്നെയാണ്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ ആഘോഷിക്കുമ്പോൾ അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള രാഷ്ട്ര നിർമാതാക്കൾ ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കാനായി ആവിഷ്കരിച്ചതും പങ്കുവെച്ചതുമായ ചിന്തകളുടെ പുനർ വായനയിലൂടെയും ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയിലൂടെ ഇന്ത്യയിലെ അശരണരായ ജനകോടികളുടെ ജീവിതവും അസമത്വവ്യവസ്ഥയാൽ താഴ്ന്നുപോവാതെ ഉദ്ധരിക്കാൻ സാധിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം ഏവർക്കും അനുഭൂതിജന്യമായ ഒന്നായി തീരുകയുള്ളൂ.”എല്ലാ രാജ്യത്തും അനീതി ഉണ്ടെന്നതിൽ സംശയമില്ല; പക്ഷേ നീതി തുല്യമായല്ല വിതരണം ചെയ്യപ്പെടുന്നത്” എന്ന അംബേദ്കറുടെ സുചിന്തിത വിചാരം അസമത്വ ഇന്ത്യയുടെ ദുരിതക്കാഴ്ചയെയാണ് അനാവരണം ചെയ്യുന്നത്.
സാമൂഹികവും സാമ്പത്തികവുമായ ജീവിത പരിസരങ്ങളിൽ സമത്വവും സാഹോദര്യവും അനുഭവജന്യമായി തീരുമ്പോഴുമാണ് ‘സ്വാതന്ത്ര്യം’ അക്ഷരാർഥത്തിൽ അമൃതായി മാറുക. സുതാര്യവും പക്ഷപാതരഹിതവും നീതിപൂർവവുമായ ഭരണം ഉണ്ടാകുന്നില്ലെങ്കിൽ ജനാധിപത്യം മരിക്കും. ജനങ്ങളുടെ സേവകരാകേണ്ടവർ രാജാക്കന്മാരെപ്പോലെ വാഴുമ്പോൾ പ്രതികരിക്കാനും തിരുത്തിക്കാനും ജനങ്ങൾ ശബ്ദമുയർത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായ ജനകീയ പ്രതിരോധം ഉയരണം.
മാധ്യമങ്ങൾക്കും നീതിന്യായ കോടതികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികൾക്കും സ്വാതന്ത്ര്യം ലഭിച്ചാലേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയാനാകൂ... മത സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനം, ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവയൊക്കെ പൂർണ്ണമായെങ്കിലേ എന്റെ ഇന്ത്യ സമ്പൂർണ്ണ സ്വാതന്ത്രയാണെന്ന് പറയാനാകും.
നീനു വിൽസൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.