മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമം: മാര്‍ ജോസഫ് പാംപ്ലാനി

മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമം: മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: മണിപ്പൂരിലെ കലാപം ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ചെമ്പേരിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു പരാമര്‍ശം.

മണിപ്പൂരില്‍ സൈന്യം പോലും നിസഹായരായി നില്‍ക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവര്‍ക്കൊപ്പമാണ്. ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍, എല്ലാ നിറങ്ങളെയും ഏകീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല പറയേണ്ടത് വര്‍ഗീയ വാദം എന്നാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. മണിപ്പുര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'കലാപത്തിന്റെ തുടക്കത്തില്‍ ഗോത്ര കലാപമാണെന്നായിരുന്നു മണിപ്പുരില്‍ നിന്ന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ആദ്യനാളുകളില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ ഇടപെടാതിരുന്നത്. എന്നാല്‍ കലാപം വര്‍ഗീയവത്കരിക്കപ്പെട്ടു എന്ന് വ്യക്തമായപ്പോള്‍ കേരളത്തിലെ സഭ വിഷയത്തില്‍ ശബ്ദമായി പ്രതികരിക്കാനും ഇടപെടാനും ആരംഭിച്ചു'.

പല രാഷ്ട്രീയ പാര്‍ട്ടികളും മണിപ്പുര്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും പ്രശ്‌നത്തിന്റെ യഥാര്‍ഥ പരിഹാരത്തിലേക്ക് നീങ്ങാന്‍ തയ്യാറാകുന്നില്ലെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.

മണിപ്പുര്‍ ഭരിക്കുന്ന കക്ഷിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയും ഒന്നായതുകൊണ്ട് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എളുപ്പമാണെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?. ഇരട്ട എഞ്ചിന്‍ നൂറു ദിവസമായി ഓഫ് ആയിക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാന്‍ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാപകാരികള്‍ ഉപയോഗിക്കുന്നത്, സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്ന അതേ ആയുധങ്ങളാണ്. ഈ ആയുധങ്ങള്‍ എങ്ങനെയാണ് കലാപകാരികളുടെ കൈയിലെത്തി?. ഭരണകൂടം കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെയും ആര്‍ച്ച് ബിഷപ് പാംപ്ലാനി രൂക്ഷമായി വിമര്‍ശിച്ചു. കേരള സര്‍ക്കാര്‍ കേരളത്തില്‍ യഥേഷ്ടം കള്ളൊഴുക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണിത്. പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.