അഭയാര്‍ത്ഥികളുമായി ബോട്ട് കടലില്‍ ഒഴുകി നടന്നത് ഒരു മാസത്തോളം; 60-ലധികം പേര്‍ മരിച്ചതായി സൂചന, 38 പേരെ രക്ഷപ്പെടുത്തി

അഭയാര്‍ത്ഥികളുമായി ബോട്ട് കടലില്‍ ഒഴുകി നടന്നത് ഒരു മാസത്തോളം; 60-ലധികം പേര്‍ മരിച്ചതായി സൂചന, 38 പേരെ രക്ഷപ്പെടുത്തി

പ്രൈയ (കേപ് വെര്‍ഡെ): ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെ തീരത്ത് അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അറുപതിലധികം ആളുകള്‍ മരിച്ചു. ഇതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കാണാതായവരെ മരിച്ചതായി കണക്കാക്കുമെന്ന് കേപ് വെര്‍ഡെ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിന്നും നാല് കുട്ടികളടക്കം 38 പേര്‍ രക്ഷപ്പെട്ടു.

പൈറോഗ് എന്ന് അറിയപ്പെട്ട തടികൊണ്ട് നിര്‍മിച്ച വലിയ മത്സ്യബന്ധന ബോട്ടില്‍ ജൂലൈ 10ന് സെനഗലില്‍ നിന്നും 101 പേരാണ് യൂറോപ്പിലേക്കു യാത്ര തിരിച്ചത്. കേപ് വെര്‍ഡെ ദ്വീപിന്റെ ഭാഗമായ സാലില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ (200 മൈല്‍) അകലെ ഒരു സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് ഇവരെ കണ്ടെത്തിയത്.

സെനഗലിലെ മത്സ്യബന്ധന ഗ്രാമമായ ഫാസ് ബോയിയില്‍ നിന്ന് യാത്ര തിരിച്ച ബോട്ട് മുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ 38 പേരില്‍ 12 മുതല്‍ 16 വയസു വരെയുള്ള കുട്ടികളുണ്ടായിരുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) വക്താവ് പറഞ്ഞു.

ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു സാലിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ ജോസ് മൊറേറ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന മിക്കവരും സെനഗലില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സെനഗല്‍ കൂടാതെ സിയറ ലിയോണ്‍, ഗിനിയ-ബിസാവു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ബോട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ജൂലൈ പത്തിന് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂലൈ 20ന് ഇവരുടെ കുടുംബങ്ങള്‍ സ്‌പെയിനിലെ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടന വാക്കിങ് ബോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ടിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിന് സമീപത്തുള്ള അറ്റ്ലാന്റിക് ദ്വീപസമൂഹമാണ് കേപ് വെര്‍ഡെ. പ്രതിവര്‍ഷം ആയിരക്കണക്കിന് ആഫ്രിക്കന്‍ പൗരന്മാരാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഈ ദുര്‍ഘടമായ പാതയിലൂടെ യാത്ര ചെയ്യുന്നത്.

കളളക്കടത്തുകാര്‍ നല്‍കുന്ന ചെറു ബോട്ടുകളിലോ അല്ലെങ്കില്‍ മോട്ടര്‍ ഘടിപ്പിച്ച തോണികളിലോ ആണ് ഇവര്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. ഇതിനായി കളളക്കടത്തുകാര്‍ക്ക് യാത്രക്കാര്‍ ഒരു തുക ഫീസ് നല്‍കേണ്ടതുണ്ട്.

'കുടിയേറ്റത്തിനുള്ള സുരക്ഷിതമായ മാര്‍ഗങ്ങള്‍ കുറഞ്ഞ് വരികയാണ്, ഈ മാര്‍ഗങ്ങളുടെ അഭാവം കള്ളക്കടത്തുകാര്‍ മുതലെടുത്ത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഐഒഎം വക്താവ് സഫ മെഹ്ലി പറഞ്ഞു. കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നതിന് കുടിയേറ്റത്തിനെതിരെ ആഗോള നടപടി സ്വീകരിക്കണമെന്ന് കേപ് വെര്‍ഡെ അധികൃതരും ആവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ 2020 നും 2023 നും ഇടയില്‍ കുറഞ്ഞത് 67,000 പേര്‍ കാനറി ദ്വീപുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കാലയളവില്‍ കുടിയേറ്റത്തിന് ശ്രമിച്ചവരില്‍ 2,500 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഐഒഎം ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ദാരിദ്ര്യമാണ്. മെച്ചപ്പെട്ട ജീവിതവും കുടുംബത്തെ പിന്തുണയ്ക്കുന്നതിനുള്ള പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ കുടിയേറ്റത്തിന് തയ്യാറാവുന്നത്. പശ്ചിമാഫ്രിക്കയുടെ അസ്ഥിരമായ സാഹചര്യവും അട്ടിമറികളും ഇസ്ലാമിക കലാപങ്ങളും ജനങ്ങളെ രാജ്യം വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്:

ബോട്ട് ദുരന്തങ്ങൾ തുടർക്കഥ; ഇറ്റലി‌യിലെ അനധികൃത കുടിയേറ്റത്തിനു പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളോ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.