ബോട്ട് ദുരന്തങ്ങൾ തുടർക്കഥ; ഇറ്റലി‌യിലെ അനധികൃത കുടിയേറ്റത്തിനു പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളോ?

ബോട്ട് ദുരന്തങ്ങൾ തുടർക്കഥ; ഇറ്റലി‌യിലെ അനധികൃത കുടിയേറ്റത്തിനു പിന്നിൽ ആസൂത്രിത ലക്ഷ്യങ്ങളോ?

പ്രകാശ് ജോസഫ്

ഇറ്റലി അതിന്റെ എക്കാലത്തേയും വലിയ അനധികൃത കുടിയേറ്റ പ്രതിസന്ധിയുടെ നടുവിലാണ്. ഈ വർഷത്തെ ആദ്യ നാല് മാസ കണക്കുകൾ പ്രകാരം അനധികൃതമായി രാജ്യത്തേയ്ക്ക് കുടിയേറാൻ ശ്രമിച്ചവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ആയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ, സിറിയ, ഈജിപ്ത്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റവും രാജ്യത്തെ ആരോ​ഗ്യ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ അതുവഴി ഉണ്ടാകുന്ന മാറ്റങ്ങളും പ്രധാനമന്ത്രി ജോർജിയ മെലാനിക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

തികച്ചും ആസൂത്രിതമായ അനധികൃത കുടിയേറ്റങ്ങൾ യൂറോപ്യൻ മണ്ണിൽ വിതക്കുന്ന അശാന്തിയുടെ തിരയിളക്കം ചെറുതല്ല. ഭൂമി ശാസ്ത്രപരമായ പ്രത്യേകത കൊണ്ട് ഇറ്റലിയാണ് ഇത്തരക്കാരുടെ ആദ്യ പ്രവേശന കവാടം. ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും നൂറു കണക്കിന് അഭയാർത്ഥികളുമായെത്തുന്ന ബോട്ടുകൾ ഇറ്റാലിയൻ തീരങ്ങളിലെത്തുന്ന വാർത്തകൾ പതിവ് കാര്യം മാത്രം. സ്വപ്നങ്ങൾ ബാക്കിയാക്കി അഭയാർത്ഥി ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി താഴുന്ന സംഭവങ്ങൾക്കും പുതുമ ഇല്ലാതായി.

ഈ വർഷം ഫെബ്രുവരിയിൽ ഇറ്റാലിയൻ തീരത്തിന് സമീപമുണ്ടായ ബോട്ടപകടത്തിൽ 60ലേറെ അഭയാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വാരം ​ഗ്രീസന് സമീപം തകർന്ന ബോട്ടിൽ നിന്നും 112 മൃതദേഹങ്ങൾ ലഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 500 ഓളം പേരെ കാണാതായി. പാക്കിസ്ഥാൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മുങ്ങി മരിച്ചവർ. രക്ഷപെട്ടവർ ഇറ്റാലിയൻ അതിർ‌ത്തി സേനയുടെ സംരക്ഷണയിലും.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപത്തിനെയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒന്നാമതായി യൂറോപ്പ് സ്വയം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു ആഭ്യന്തര പ്രക്രിയയിലൂടെ കടന്നു പോകുന്നു. ഭൂഖണ്ഡം അതിന്റെ വിശ്വാസവും പാരമ്പര്യങ്ങളും വേരുകളും ഉപേക്ഷിച്ചതോടെ ഇവിടുത്തെ സംസ്കാരവും വിശ്വാസവുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ ആഗ്രഹിക്കാത്ത വലിയൊരു വിഭാഗം വിദേശിയരുടെ സാന്നിധ്യം ഉയർത്തുന്ന വെല്ലുവിളിയാണ് രണ്ടാമത്തേത്.

ഇതിന്റെ ഫലമായി യൂറോപ്പിന് അതിന്റെ പൈതൃക സ്വഭാവം നഷ്ടമാകുന്നു എന്ന് മാത്രമല്ല വിവിധ മതങ്ങളും സംസ്കാരങ്ങളും കൊണ്ട് പൊതിയപ്പെട്ട ഒരു സമ്മിശ്ര സംസ്കാരം രാജ്യങ്ങളെ എങ്ങോട്ട് നയിക്കുമെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ഓടെ ഇറ്റാലിയൻ ജന സംഖ്യയിൽ മൂന്നിലൊന്നും വിദേശികളായി തീരുമെന്ന് ഐക്യരാഷ്ട്ര സഭ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ജനന നിരക്കിനെക്കാൾ ഉയർന്ന മരണ നിരക്ക്

യൂറോപ്പിലെ ഒരു രാജ്യത്തിനും പോസിറ്റീവായ ജനന നിരക്കില്ലെന്നതാണ് മറ്റൊരു യാഥാർത്യം. ഇറ്റലിയുടെ ദേശീയ സ്ഥിതിവിവര റിപ്പോർട്ടുകൾ പ്രകാരം മരണ നിരക്കിനക്കാൾ കുറഞ്ഞ ജനന നിരക്കാണ് രാജ്യത്തുള്ളത്. രാജ്യത്ത് 12 പേർ മരിക്കുമ്പോൾ ഏഴ് കുഞ്ഞുങ്ങൾ മാത്രമേ ജനിക്കുന്നുള്ളു എന്നതാണ് ലോകത്തിലെ എട്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇറ്റലിയുടെ അവസ്ഥ. ഇറ്റലിയിൽ ​ഗർഭിണികളാകാൻ സാധ്യതയുള്ള എല്ലാ സ്ത്രീകളും ​ഗർഭ ധാരണം ചെയ്താലും ജനന നിരക്കിന്റെ ​ഗ്രാഫ് മരണ നിരക്കിനക്കാൾ താഴ്ന്നിരിക്കും. ഇപ്പോഴത്തെ രീതിയിൽ രാജ്യം പതിയെ മരിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം.

എല്ലാ വർഷവും നൂറു കണക്കിന് ഇറ്റാലിയൻ സ്കൂളുകളിൽ കുട്ടികൾ ഇല്ലെന്ന കാരണത്താൽ അടച്ചു പൂട്ടുന്നു. നിരവധി യൂണിവേഴ്സിറ്റികളും പൂട്ടലിന്റെ വക്കിലാണ്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സാധ്യമായതൊന്നും യൂറോപ്യൻ യൂണിയൻ ചെയ്യുന്നില്ലെന്ന ആക്ഷേപവും ഇറ്റലിക്കുണ്ട്.

അനിയന്ത്രിത കുടിയേറ്റത്തോട് പ്രതിപക്ഷത്തിന് സ്വാ​ഗതം

അനധികൃതവും ആസൂത്രിതവുമായ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടാണ് ഭരണ കക്ഷിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയെന്ന യാഥാസ്ഥിതിക പാർട്ടിക്കും പ്രധാന മന്ത്രി ജോർജിയ മെലോണിക്കുമുള്ളത്. എന്നാൽ അന്യമത വിദ്വേഷം, സഹാനുഭൂതി ഇല്ലായ്മ, ഹൃദയ കാഠിന്യം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷമായ ദേശിയ ഇടത് ജനാധിപത്യ പാർട്ടി മുറവിളി കൂട്ടുന്നതും സർക്കാരിനെ സമ്മർദ്ധത്തിലാഴ്ത്തുന്നതും. മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങളുയർത്തി മാധ്യമങ്ങളും സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരവും അമ്മമാരുടെ കണ്ണീരുമെല്ലാം പലപ്പോഴും വൈകാരികമായ തീരുമാനങ്ങളിലേക്ക് കടക്കാൻ സർക്കാരിനെ നിർബന്ധമാക്കുന്നുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തോട് പ്രതിപക്ഷമായ ഇടത് പാർട്ടി പുലർത്തുന്ന സ്വീകാര്യതയാണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. യൂറോപ്പിന്റെ ക്രൈസ്തവ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും ശിഥിലമാക്കാനുള്ള ഇടത് ആശയ​ഗതിയാണ് ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെന്നും വിമർശനമുണ്ട്. ഇത്തരം കുടിയേറ്റങ്ങൾ വിഭിന്ന സംസ്കാരങ്ങളെയും വംശങ്ങളെയും മതങ്ങളെയും ഭാഷകളെയും എത്തിക്കുന്നതിലൂടെ യൂറോപ്യൻ ഹൃദയ ഭൂമി കൂടുതൽ 'മനോഹര'മാകുമെന്ന് വാദിക്കുന്നവരുമുണ്ട്.

യൂറോപ്പിന്റെ ശൂന്യതയിൽ അന്യ സംസ്കാരങ്ങൾ ഇടം നേടുന്നു

വ്യവസായിക രം​ഗത്തും ​ഗ്രാമങ്ങളിലുമുള്ള കടുത്ത തൊഴിലാളി ക്ഷാമമാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഈ തൊഴിലാളി ക്ഷാമം കുടിയേറ്റക്കാരെ കൊണ്ട് നികത്താമെന്നാണ് പ്രതിപക്ഷത്തിന്റെ വാദ​ഗതികൾ. മിലാൻ ന​ഗരത്തിൽ മാത്രമായി മൂന്ന് ലക്ഷത്തോളം തൊഴിലുകൾ നികത്തപ്പെടാതെ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വർഷം തോറും റൊമാനിയ, ഉക്രെയ്ൻ, പെറു എന്നീ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് നഴ്സുമാരാണ് ഇറ്റലിയിൽ കുടിയേറുന്നത്. പ്രാരംഭ ഘട്ടത്തിൽ ഇറ്റലിയിലെത്തുന്ന അനധികൃത കുടിയേറ്റക്കാർ ക്രമേണ അയൽ രാജ്യങ്ങളായ ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലേക്ക് കടക്കുന്നതും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്ക് ഇറ്റലിയുമായുള്ള ബന്ധത്തിൽ ഉരസലുകൾ ഉണ്ടാകാനും കാരണമാകുന്നുണ്ട്.

പരമ്പരാ​ഗത ക്രിസ്ത്യൻ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചതാണ് ഇറ്റലിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. ആത്മീയ സാംസ്കാരിക മണ്ഡലങ്ങളിലും തനത് വ്യക്തിത്വത്തിലും യൂറോപ്യൻ ജനത സ്വയം ഒരു ശൂന്യത തീർക്കുമ്പോൾ‌, ആ ശൂന്യതയിൽ മറ്റ് ജനതകളും സംസ്കാരങ്ങളും ഇടം തീർക്കുമെന്നത് തികച്ചും സ്വാഭാവികം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.