രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വിഡി സതീശൻ; രാജി ആവശ്യപ്പെടാൻ സിപിഎമ്മിനോ ബിജെപിക്കോ എന്താണ് ധാർമികതയെന്ന് ഷാഫി പറമ്പിൽ

രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വിഡി സതീശൻ; രാജി ആവശ്യപ്പെടാൻ സിപിഎമ്മിനോ ബിജെപിക്കോ എന്താണ് ധാർമികതയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദേഹം രാജിവെച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാമെന്ന് സതീശൻ പറഞ്ഞു.

ആരോപണ വിധേയരായി നിൽക്കുന്നവർ എത്ര പേരുണ്ട്. ഞങ്ങൾ അതൊന്നും നോക്കിയിട്ടില്ല തീരുമാനമെടുക്കുന്നത്. സിപിഎമ്മും ബിജെപിയും എന്തു ചെയ്തു എന്ന് നോക്കിയല്ല ഞങ്ങളുടെ തീരുമാനം. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ലാത്ത തീരുമാനമുണ്ട്. ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരായി ഒരു പ്രചരണവും യുഡിഎഫ് പ്രവർത്തകർ നടത്തരുതെന്നും അദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ കെപിസിസി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു. കോടതി വിധിയോ എഫ്ഐആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.

ആരോപണത്തിന് പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം രാഹുലിന്‍റെ തീരുമാനം ശരിവെച്ചു. രാഹുലിന്‍റെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വരിനിന്ന് പ്രതികരിക്കണമെന്ന് നിർബന്ധമില്ല. രാഹുലിന്‍റെ വിഷയം ഉയർത്തി ഇടത് സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ മറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. രാഹുലിനെതിരായ ആരോപണം ഉയർത്തി കോൺഗ്രസിനെ നിർവീര്യമാക്കാൻ സാധിക്കില്ല. സർക്കാറിനെതിരെ യുഡിഎഫ് ശക്തമായ പോരാട്ടം നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാഹുലിന്‍റെ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. നേതാക്കൾ പറഞ്ഞതിൽ കൂടുതൽ താൻ വിശദീകരിക്കേണ്ടതില്ല. സിപിഎം ചെയ്യുന്നത് പോലെ രാഹുലിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ നിന്നിട്ടില്ല. രാഹുലിനെതിരെ ആരും തന്നോട് പരാതി പറഞ്ഞിട്ടില്ല. സിപിഎമ്മുകാർക്കെതിരെ സമാന രീതിയിൽ ആരോപണം ഉയർന്നപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാറില്ല. ബിഹാറിലേക്ക് മുങ്ങിയെന്ന മാധ്യമ പ്രവർത്തനത്തെ കുറിച്ച് ആത്മപരിശോധന നടത്തണം. ബിഹാറിലെ യാത്രയുടെ ഭാഗമാവുക എന്ന കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്തമുണ്ടെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.