ഹിമാചലിന് കൈത്താങ്ങായി ഛത്തീസ്ഗഡ് സർക്കാർ‌; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 11 കോടി അനുവദിച്ചു

ഹിമാചലിന് കൈത്താങ്ങായി ഛത്തീസ്ഗഡ് സർക്കാർ‌; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 11 കോടി അനുവദിച്ചു

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് സഹായവുമായി ഛത്തീസ്ഗഡ് സർക്കാർ‌. കനത്ത മഴയിലും മണ്ണിടിച്ചിലും തകർന്ന ഹിമാചൽ പ്രദേശിന് പതിനൊന്ന് കോടി രൂപ ധന സഹായം നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ കനത്ത പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഛത്തീസ്ഗഡിലെ ജനങ്ങൾ ദുരന്തബാധിത സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഹിമാചലിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് വേണ്ടി 11 കോടി രൂപ ഹിമാചൽ പ്രദേശ് സർക്കാരിന് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ഹിമാചൽപ്രദേശിലുണ്ടായത് 10,000 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 കോടിയുടേയും ദേശീയപാത അതോറിറ്റിക്ക് 1,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് കണക്കാക്കുന്നത്.

മൺസൂൺ ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപ്പൊട്ടലാണ് സംസ്ഥാനത്തുണ്ടായത്. ഷിംലയിലെ സമ്മർ ഹില്ലിലെ റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയി. പേമാരി തകർത്ത സംസ്ഥാനത്തിന്റെ പുനർ നിർമാണം വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറയുന്നു. ഇതിനായി ഒരു വർഷത്തെ സമയമെങ്കിലും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷിംലയിലെ ശിവക്ഷേത്രം തകർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. ഇതോടെ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുംപെട്ട് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 74 ആയി.

ഹിമാചലിലെ ഭൂപ്രകൃതിക്കനുസൃതമല്ലാത്ത അശാസ്ത്രീയ നിർമാണപ്രവർത്തനമാണ് അടിയ്ക്കടിയുണ്ടാകുന്ന മണ്ണൊലിപ്പിന്റെ കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നും കനത്തമഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്ക് ബുധനാഴ്ചയോടെയാണ് നേരിയ ശമനമുണ്ടായത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.