തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ചികിത്സ പകല്‍ മാത്രം; സൗകര്യങ്ങളുണ്ടായിട്ടും രാത്രിയില്‍ രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആശുപത്രി

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ചികിത്സ പകല്‍ മാത്രം; സൗകര്യങ്ങളുണ്ടായിട്ടും രാത്രിയില്‍ രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആശുപത്രി

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി ഹൃദയ ചികിത്സക്ക് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആന്‍ജിയോഗ്രാം മുതല്‍ ഹൃദയം തുറന്ന ശസ്ത്രക്രിയ വരെ നടത്താന്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ രാത്രിയില്‍ ഈ സേവനങ്ങളൊന്നും ലഭ്യമല്ല. രാത്രിയില്‍ എത്തുന്ന രോഗികളെ മടക്കി അയയ്ക്കുകയാണ് പതിവ്.

സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ മറ്റൊരിടത്തും രാത്രി ഹൃദയ ചികിത്സ ലഭ്യമല്ല. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതവുമായി എത്തിയ വടക്കാഞ്ചേരി സ്വദേശിയെ തിരിച്ചയച്ചതാണ് ഇതില്‍ ഒടുവിലത്തേത്. ഇദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് ജീവന്‍ രക്ഷിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാത്രിയിലും സേവനം നല്‍കാന്‍ കഴിയും വിധം ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതാണ് രോഗികള്‍ക്ക് വിനയാകുന്നത്. ആകെ അഞ്ച് ഡോക്ടര്‍മാരാണ് കാര്‍ഡിയോളജി വിഭാഗത്തില്‍ ഉള്ളത്. ഒരു മാസം നൂറിലേറെ രോഗികള്‍ക്ക് ആന്‍ജിയോപ്‌ളാസ്റ്റി ചികിത്സ നടത്തുന്നുണ്ട്. രാത്രി ചികിത്സ നല്‍കണമെങ്കില്‍ ഒരു മുതിര്‍ന്ന ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. ഒരു ഡോക്ടറെ രാത്രിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ പകല്‍ സമയങ്ങളില്‍ നടത്തി വരുന്ന ആന്‍ജിയോപ്‌ളാസ്റ്റിയെയും മറ്റ് ചികിത്സകളെയും ബാധിക്കും. ഇവയുടെ എണ്ണം കുറക്കേണ്ടി വരും.

എന്നാല്‍ പകല്‍ സേവനം വെട്ടിച്ചുരുക്കാതെ രാത്രിയില്‍ ഹൃദയ ചികിത്സ ലഭ്യമാക്കണമെങ്കില്‍ വകുപ്പില്‍ രണ്ട് ഡോക്ടര്‍മാരെയെങ്കിലും അധികമായി നിയമിക്കേണ്ടി വരും. ഇതിനായി സര്‍ക്കാരിന് മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച പദ്ധതികള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.