'ഓപ്പറേഷന്‍ സിന്ദൂറില്‍ മസൂദ് അസറിന്റെ കുടുംബം ഛിന്നഭിന്നമായി': സ്ഥിരീകരണവുമായി ജെയ്‌ഷെ കമാന്‍ഡര്‍

'ഓപ്പറേഷന്‍ സിന്ദൂറില്‍ മസൂദ് അസറിന്റെ കുടുംബം ഛിന്നഭിന്നമായി': സ്ഥിരീകരണവുമായി ജെയ്‌ഷെ കമാന്‍ഡര്‍

ഇസ്ലമാബാദ്: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലാണ് ഇല്യാസ് കശ്മീരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്നും ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസറിന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായും ഇല്ല്യാസ് പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ നാഡീ കേന്ദ്രമായ ബഹാവല്‍പുരില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാദം ശരി വെക്കുന്നതാണ് മസൂദ് ഇല്യാസിന്റെ പരാമര്‍ശം. അതേസമയം ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നായിരുന്നു പാകിസ്ഥാന്റെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും അന്താരാഷ്ട്ര നിരീക്ഷക സംഘവും വിശദീകരിച്ചിരുന്നത്.

കുടുംബത്തിലെ പത്ത് പേര്‍ മരിച്ചത് മസൂദ് അസറും സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ തനിക്ക് വേദനയോ ദുഖമോ ഇല്ലെന്നും താനും അവര്‍ക്കൊപ്പം പോകേണ്ടിയിരുന്ന ആളായിരുന്നുവെന്നാണ് തോന്നുന്നതെന്നും മസൂദ് അസര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ബഹാവല്‍പുരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മസൂദിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, അഞ്ച് കുട്ടികള്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടുവെന്ന് അസ്ഹര്‍ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് യൂസഫ് അസറും മസൂദിന്റെ അടുത്ത നാല് അനുയായികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


യു.എന്‍ രക്ഷാ സമിതിയുടെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മസൂദ് അസര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016 ലെ പഠാന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നിലെ ഗൂഢാലോചനയില്‍ മസൂദ് അസറും പങ്കാളിയാണ്.

മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തി കേന്ദ്രമായിരുന്നു ബഹാവല്‍പുര്‍. ലാഹോറില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹാവല്‍പുര്‍ പാകിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്.

ഇവിടെ 18 ഏക്കറില്‍ പരന്നു കിടക്കുന്ന സുബ്ഹാനള്ളാ കാമ്പസായിരുന്നു പരിശീലനത്തിനും ആയുധശേഖരത്തിനും ജെയ്‌ഷെ മുഹമ്മദ് പ്രയോജനപ്പെടുത്തിയത്. 2011 വരെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലതെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് 2012ഓടെ പരിശീലനത്തിനും പറ്റുന്ന വിധത്തില്‍ വലിയ സമുച്ചയമാക്കി മാറ്റുകയായിരുന്നു.

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായാണ് മെയ് ഏഴിന് ഇന്ത്യ സംയുക്ത സൈനിക ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സംയുക്ത സേന നടത്തിയ ആക്രമണം ലഷ്‌കറെ തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടായിരുന്നു. ആക്രമണങ്ങളില്‍ എണ്‍പതിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.