വിവാഹേതരബന്ധങ്ങള്‍ ആശങ്കാജനകം: വനിതാ കമ്മിഷന്‍

വിവാഹേതരബന്ധങ്ങള്‍ ആശങ്കാജനകം: വനിതാ കമ്മിഷന്‍

കൊല്ലം: വിവാഹേതരബന്ധങ്ങള്‍ കുടുംബപ്രശ്‌നങ്ങളില്‍ കൂടുതലായെത്തുന്നത് ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷന്റെ നിരീക്ഷണം. സാമൂഹികമാധ്യമ കടന്നുകയറ്റം വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലുള്ളതിനാല്‍ ബോധവത്ക്കരണം ശക്തമാക്കേണ്ടതുണ്ട് എന്നും വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.

കുടുംബപ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല. ഇത് പോക്‌സോ കേസുകളുടെ വ്യാപനത്തിനും ഇടയാക്കുന്നു. വിവാഹപൂര്‍വ കൗണ്‍സിലിംഗ് സുശക്തമാക്കണം. പോക്സോനിയമം, സൈബര്‍ സുരക്ഷാബോധവല്‍ക്കരണം, ലഹരഹിക്കെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സ്‌കൂള്‍തലം മുതല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നഗരസഭകള്‍, ത്രിതല പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം കൂടുല്‍ ഊര്‍ജിതമാക്കണം. ഉണര്‍വ്, കൗമാരം കരുത്താകുക, ഫേസ് ടു ഫേസ് എന്നീ പരിപാടികള്‍ സ്‌കൂള്‍-കോളജ് തലത്തില്‍ കമ്മീഷന്‍ നടത്തി വരുന്നതായും കമ്മിഷനംഗം പറഞ്ഞു.

അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചതില്‍ 13 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം പൊലീസ് റിപ്പോര്‍ട്ടിനായും ഒരെണ്ണം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായും കൈമാറി. ഒരെണ്ണം കൗണ്‍സിലിങിനും നല്‍കി. 63 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.