കര്‍ഷക ദിനത്തില്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം

കര്‍ഷക ദിനത്തില്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വേണ്ടി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് കര്‍ഷക ദിനത്തില്‍ നിവേദനം നല്‍കി. കൃഷിനഷ്ടം വിലയിരുത്താനുള്ള വിജ്ഞാപനം ഇറക്കി ഈ പുഞ്ചകൃഷി മുതല്‍ പ്രാബല്യത്തില്‍ വരുത്തി കര്‍ഷകരെ രക്ഷിക്കണം. ഇക്കഴിഞ്ഞ കൃഷിയുടെ നെല്ല് വില ഇനിയും ധാരാളം കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഏപ്രില്‍ ആദ്യം എഴുതിയ പിആര്‍എസ് മുതലുള്ള ആ നെല്ലുവില അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. നെല്ലുവില ലഭിച്ച കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവ് 12 രൂപ പ്രകാരമുള്ള തുക ലഭ്യമായിട്ടില്ല. ഇതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.

കുട്ടനാടിനെ ബാധിക്കുന്ന വളരെ നീറുന്ന പ്രശ്നങ്ങളില്‍ സത്വരശ്രദ്ധ പതിപ്പിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല തന്നെ തന്നെ തകര്‍ന്നടിഞ്ഞു പോകുന്ന സ്ഥിതിയിലെത്തുമെന്നും മാര്‍ പെരുന്തോട്ടം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കാര്‍ഷിക കമ്മീഷനിലൂടെ പരിഹാരമുണ്ടാകണമെന്നും ആര്‍ച്ച് ബിഷപ് അഭ്യര്‍ത്ഥിച്ചു.

കര്‍ഷക ദിനത്തില്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു വേണ്ടി ബഹു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് നല്‍കിയ നിവേദനത്തിലെ നിര്‍ദേശങ്ങള്‍.

1) സ്മാര്‍ട്ട് സാമ്പ്‌ലിങ് ടെക്‌നിക് വഴി കൃഷിനഷ്ടം (വിളനാശം) വിലയിരുത്താനുള്ള വിജ്ഞാപനം ഇറക്കി ഈ പുഞ്ചകൃഷി മുതല്‍ പ്രാബല്യത്തില്‍ വരുത്തി കര്‍ഷകരെ രക്ഷിക്കണം.

2) ഇക്കഴിഞ്ഞ കൃഷിയുടെ നെല്ല് വില ഇനിയും ധാരാളം കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഏപ്രില്‍ ആദ്യം എഴുതിയ പി ആര്‍ എസ് മുതലുള്ള ആ നെല്ലുവില അടിയന്തിരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.

3) നെല്ലുവില ലഭിച്ച കര്‍ഷകര്‍ക്ക് കൈകാര്യചിലവ് 12 രൂപ വച്ചുള്ള തുക ലഭ്യമായിട്ടില്ല. ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.

4) അടുത്ത സീസണ്‍ കൃഷി കുട്ടനാട്ടില്‍ ആരംഭിച്ചു. ഇപ്പോള്‍ തന്നെ ഈ പാടശേഖരങ്ങള്‍ക്കായ് മില്ലുകള്‍ അസൈന്‍ ചെയ്ത് നെല്ലെടുപ്പ് നടത്താനായി ഉള്ള നടപടി തുടങ്ങിവയ്ക്കണം.

5) കുട്ടനാട്ടിലെ 72 മില്ലുകളെയും നിര്‍ബന്ധമായും ഒരു റൊട്ടേഷന്‍ ക്രമത്തില്‍ ലിസ്റ്റ് തയ്യാറാക്കി,വിളവ് എടുക്കുന്ന മുറയ്ക്ക് ഓരോ പാടങ്ങളില്‍ നെല്ല് എടുക്കാന്‍ അലോട്ട് ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം.

6) ശാസ്ത്രീയമായി കിഴിവ് കണ്ടുപിടിക്കാനുള്ള സംവിധാനം കൃഷി ഓഫീസര്‍മാര്‍ വഴി മാത്രം നടപ്പില്‍ വരുത്തി കണ്ടുപിടിച്ച് സര്‍ട്ടിഫൈ ചെയ്ത് ആ കിഴിവ് വരുന്ന നെല്ലിന്റെ വിലയോ തുകയോ ഗവണ്‍മെന്റ് നഷ്ടപരിഹാരം ആയി നല്‍കാനുള്ള തീരുമാനം ഉണ്ടാവണം.

7) ലോഡിങ് ചാര്‍ജ് 12 രൂപയായി ആദ്യകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത് കാലമേറെ ആയിട്ടും പുതുക്കിയിട്ടില്ല.ആയത് ഇപ്പോള്‍ 250 രൂപയെങ്കിലും ആയി നിശ്ചയിച്ച തീരുമാനം ഉണ്ടാവണം.

8) താല്‍ക്കാലികമായ വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും തന്മൂലം കുട്ടനാട്ടിലെ നെല്‍കൃഷിയെ ആകെത്തന്നെ ബാധിക്കുന്ന തരത്തില്‍ വ്യാപകമായുണ്ടാകുന്ന മടവീഴ്ചയും മൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതവും നാശനഷ്ടവും ധനനഷ്ടവും അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ.

സ്വാമിനാഥന്‍ കമ്മീഷന്‍ ഒന്നാം കുട്ടനാട് പാക്കേജില്‍ നിര്‍ദേശം നല്‍കിയിരുന്ന പോലെ, ദിവസവും വേലിയേറ്റം വരുമ്പോള്‍ 15-30മിനിറ്റിനുള്ളില്‍ റെഗുലേറ്ററി ഷട്ടര്‍ അടയ്ക്കാനും അന്നുതന്നെ ഇറക്കം വരുമ്പോള്‍ ഷട്ടര്‍ തുറക്കാനുമുള്ള സംവിധാനം അടിയന്തിരമായി തണ്ണീര്‍മുക്കത്ത് നടപ്പില്‍ വരുത്തണം.

9) 'കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ 'രൂപപ്പെടുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന അംഗങ്ങള്‍ മാത്രം പോര എന്ന അഭിപ്രായമാണ് കുട്ടനാട്ടുകാര്‍ക്ക്. നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവര്‍ മാത്രം ആണ് ഇതില്‍ വരുന്നതെങ്കില്‍ ഇതും പേരിനുള്ള ഒരു സാധാരണ സര്‍ക്കാര്‍ സമിതി ആയി മാറും എന്ന് കുട്ടനാട്ടുകാര്‍ സംശയിക്കുന്നു. കര്‍ഷക പ്രതിനിധികള്‍ ഇതില്‍ 40% അംഗങ്ങള്‍ ആയി വരാന്‍ നടപടി സ്വീകരിക്കണം.

10) കുട്ടനാടിന്റെ പ്രധാന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം എന്നാല്‍ നടപടി മാത്രം ഉണ്ടാവുന്നില്ല. നദികളുടെ ആഴം കൂട്ടലും, കനാലുകള്‍ തുറക്കുന്നതും വര്‍ഷങ്ങളായ കുട്ടനാട്ടുകാരന്റെ ആവശ്യം ആണ്. അതില്‍ അതിവേഗ തീരുമാനം ഉണ്ടാകണം.

11) കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന നെല്ല് യഥാസമയം സംഭരിക്കുന്നതിനും, കൈകാര്യ ചിലവും ചുമട്ടുകൂലിയും കര്‍ഷകന്റെ ഭാരമാക്കാതെ സംഭരിക്കുന്നവര്‍ നല്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം.

12) കുട്ടനാട്ടില്‍ നിലനില്ക്കുന്ന അശാസ്ത്രീയമായ ചുമട്ട് കൂലി രീതിയില്‍ മാറ്റം വരണം.

13) കുട്ടനാട്ടുകാരെക്കൂടി വിശ്വാസത്തിലെടുത്ത് വേണം കുട്ടനാട്ടില്‍ പദ്ധതികള്‍ രൂപപ്പെടുത്താന്‍.പരിസ്ഥിതി പഠനം നടത്തി വേണം പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍.

14)സബ്‌സിഡികളും ഗവണ്‍മെന്റ് സഹായങ്ങളും കൊണ്ട് കാര്‍ഷികമേഖലയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കാര്‍ഷികമേഖല നിലനില്ക്കുന്നത് തന്നെ ഗവണ്‍മെന്റിന്റെ സഹായത്തോടുകൂടി ആണെന്ന കാര്യം അങ്ങേയ്ക്കു അറിവുള്ളതാണല്ലോ. ഐആര്‍സി മാസങ്ങള്‍ക്കു മുന്‍പ് കൂടിയിട്ട് കൂലി വര്‍ദ്ധനവ് മാത്രം പരിഗണിച്ചിരുന്നുള്ളൂ. ഒപ്പം നെല്ലിന്റെ താങ്ങുവില കൂടി മിനിമം 35 രൂപ ആക്കി വര്‍ധിപ്പിച്ചു നല്‍കാന്‍ നടപടിയുണ്ടാവണം.

15) കുട്ടനാടിന്റെ അടിസ്ഥാനം നെല്‍കൃഷി ആണെന്നും, കുട്ടനാടിന്റെ നിലനില്‍പ്പ് നെല്‍കൃഷിയെ മാത്രം അടിസ്ഥാനപ്പെടുത്തി ആണെന്നും. കര്‍ഷകരാണ് ഭക്ഷ്യ സുസ്ഥിതിയുടെ അടിസ്ഥാനം എന്നും പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തി നല്കണം. കര്‍ഷകന് വേണ്ട സഹായവും അംഗീകാരവും നല്‍കണം.

16)'കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ 'രൂപപ്പെടുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ചതല്ലാതെ പിന്നെ ക്രിയാത്മകമായ മീറ്റിങ്ങുകള്‍ ഒന്നും കൂടിയിട്ടില്ല. ആറുമാസത്തിനുള്ളില്‍ മീറ്റിങ്ങുകള്‍ കൂടി തീരുമാനങ്ങള്‍ കുട്ടനാടിന് അനുകൂലമായി എടുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് ആയതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഉടന്‍ മീറ്റിംഗ് വിളിച്ചു കൂട്ടണം.

17) നെല്ലുവില ഇപ്പോള്‍ ബാങ്കില്‍ നിന്നും ലോണ്‍ ആയിട്ടാണ് കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തുന്നത്. കര്‍ഷകന്‍ ഈ ലോണിന് എഗ്രിമെന്റ് വച്ചുകൊണ്ട് ലോണ്‍ എടുക്കുന്നത്,സര്‍ക്കാര്‍ ആ തുക തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ഷകന്റെ സിബല്‍ സ്‌കോറിനെ ബാധിക്കുകയും തുടര്‍ന്ന് എന്തെങ്കിലും ലോണുകള്‍ക്ക് (വീടുപണിക്കോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ) അപേക്ഷിക്കുമ്പോള്‍ ലഭ്യമല്ലാതാകുന്ന അവസ്ഥ വരുന്നു. ഇതിന് പരിഹാരം ഉണ്ടാക്കുവാന്‍ നെല്ലുവില എഗ്രിമെന്റ് വഴി ലോണായി നല്‍കാതെ നേരിട്ട് സര്‍ക്കാര്‍ നല്‍കുന്ന അവസ്ഥ നിലവില്‍ വരണം.

18)നെല്ലിന്റെ താങ്ങു വിലയുടെ സംസ്ഥാന വിഹിതം പി ആര്‍ എസ് എഴുതുമ്പോള്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് കിട്ടാന്‍ നടപടികള്‍ സ്വീകരിക്കണം.

19) നെല്ലുവില സ്ഥിരമായി പെട്ടെന്ന് നല്‍കുവാന്‍ നല്‍കുവാന്‍ ഒരു റിവോള്‍വിങ് ഫണ്ട് ബജറ്റില്‍ വകയിരുത്തി കര്‍ഷകര്‍ക്ക് സമയബന്ധിതമായി വില ലഭിക്കാനുള്ള നടപടി ഉണ്ടാവണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.