കൊച്ചി: ഇരുപത്തിയൊന്നാം വയസില്‍, സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. വടക്കേക്കര പഞ്ചായത്ത് മുറവന്‍തുരുത്ത് പതിനൊന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നിഖിത വിജയിച്ചത്.
വാര്‍ഡ് അംഗമായിരുന്ന പിതാവ് പി.ജെ ബേബി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് നിഖിത മത്സരിച്ചത്. ജേണലിസം പിജി ഡിപ്ലോമ ബിരുദധാരിയായ നിഖിതയുടെ ജനനം 2001 നവംബര്‍ 12നാണ്.
ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ജോബി മരണപ്പെട്ടത്. തുടര്‍ന്നാണ് പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും നിര്‍ബന്ധിച്ചതോടു കൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയതെന്ന് നിഖിത പറയുന്നു.
മുന്‍പ് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന വാര്‍ഡ് അച്ഛനിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പാര്‍ട്ടിയും അച്ഛനും ശ്രമിച്ചിരുന്നെന്നും നിഖിത പറയുന്നു. ഇതേകാരണത്താലാണ് അച്ഛനേക്കാള്‍ ഭൂരിപക്ഷം നേടി വിജയിക്കാനായതെന്ന് നിഖിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാല്‍ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവര്‍ത്തനമാണ് ഇഷ്ടം. രണ്ടര വര്‍ഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും നിഖിത ജോബി പറയുന്നു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാര്‍ഡ് പിടിച്ചെടുത്തത് കോണ്‍ഗ്രസ് നേതാവായ ജോബിയായിരുന്നു. പിതാവായ ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചരുന്നത്. മകള്‍ നിഖിത അത് 228 വോട്ടുകളാക്കി ഉയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് 21ാം വയസില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിലെ കെ മണികണ്ഠനും 21 വയസായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.