ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിന് എന്ത് പറ്റി? ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ആശങ്കയിൽ

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിന് എന്ത് പറ്റി? ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ആശങ്കയിൽ

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികൾ നിർദേശിച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നത്. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സാധരണക്കാർക്കു കാണുന്നതിനായി ഇതുവരെയും പ്രസിദ്ധീകരിച്ചട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും വിവിധ ന്യൂനപക്ഷ സമിതികളിൽ നിന്ന് ക്രൈസ്തവർ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ 2020 നവംബറിൽ വിശദമായ പഠനത്തിനായി ജെ. ബി.കോശി കമ്മീഷനെ നിയമിച്ചത്.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങളാണ് കമ്മീഷൻ പരിശോധിച്ചത്. വിദഗ്ധരിൽ നിന്ന് ഉൾപ്പടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അതിനനുസൃതമായ ശുപാർശകളാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 നിർദ്ദേശങ്ങളാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത്. 306 പേജിൽ രണ്ടുഭാഗങ്ങളായി തയാറാക്കിയ റിപ്പോർട്ടാണ് സർക്കാരിനു കൈമാറിയത്.

പുനർഗേഹം പദ്ധതിയിൽ തീരത്ത് നിന്ന് മാറിത്താമസിക്കാൻ അഞ്ചുലക്ഷം രൂപ നൽകുന്നത് അപര്യാപ്തമാണെന്നാണ് മറ്റൊരു പ്രധാന പരാതി. ഇവർക്ക് സർക്കാർ തന്നെ സ്ഥലവും വീടും നൽകണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കുട്ടനാട്ടിലെ ജീവിത നിലവാരം ഉയർത്താനും മലയോരമേഖലകളിൽ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മദ്രസ അധ്യാപകർക്കുള്ളതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി കൃസ്ത്യൻ വിഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന ആവശ്യങ്ങളിൽ ഒന്നാണ്. ഈ കാര്യത്തിലുള്ള നിർദ്ദേശമാണ് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. ഈ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വലിയ ഒരാവശ്യത്തിനാണ് പരിഹാരമാകുക.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ അർഹിക്കുന്ന അവകാശങ്ങൾ പോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കാണാൻ സാധിക്കുക. ഒരു കാലത്ത് സാമൂഹികമായ എല്ലാ തലങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കുണ്ടായിരുന്നു. ചില വിഭാഗങ്ങൾ അക്കാലത്തും പിന്നിലായിരുന്നെങ്കിലും സാമുദായികമായി ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന മേൽക്കോയ്മ സാമൂഹികമായി എല്ലാവർക്കും സഹായകമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ സാഹിത്യ രംഗങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്രൈസ്തവർക്ക് വ്യക്തമായ സ്ഥാനമുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ പല കാരണങ്ങൾകൊണ്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ പ്രത്യേക താൽപ്പര്യങ്ങളാണ് ഇതിനു പിന്നിൽ. രണ്ട് വർഷമെടുത്ത് പഠിച്ച് സമർപ്പിച്ച് ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ജെബി കോശി കമ്മീഷൻ റിപ്പോർട്ടിന് എന്താണ് സംഭവിച്ചത്? സർക്കാർ എന്തുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നില്ല... ക്രൈസ്തവർ‌ സർക്കാരിൽ പ്രതീക്ഷ നൽകുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ ഇത്തരം ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാത്തവയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.