അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി: അത്തച്ചമയം കൂടുതല്‍ വിപുലമായ ആഘോഷ തലത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അത്തം ഘോഷയാത്രയ്ക്ക് മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി. നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമാണ് ഇന്ന് നടക്കുന്ന അത്തച്ചമയം.

അതിനാല്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ച പ്രിയപ്പെട്ടവരെയും ഈ ചടങ്ങില്‍ പങ്കെടുപ്പിച്ച് കൂടുതല്‍ ജനകീയമാക്കി നാടിന്റെ വലിയ ആഘോഷമാക്കി മാറ്റണം. അതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

സാഹിത്യ സംഗീത സംഗമമാക്കി മാറ്റണമെന്ന് നിര്‍ദേശം കൂടിയാണ് നടന്‍ മുഖ്യമന്ത്രി പിണറായ വിജയനും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ഇരുന്ന വേദിയില്‍ ഉന്നയിച്ചു. രാജഭരണത്തിന്റെ കാലം കഴിഞ്ഞതിനാല്‍ അന്ന് പ്രജകളായിരുന്ന പൊതുജനങ്ങളാണ് ഇക്കാലത്തെ രാജാക്കന്മാര്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഓണത്തിന് മുന്നോടിയായി വരുന്ന അത്തമാഘോഷം കേരളത്തിന്റെ ട്രേഡ് മാര്‍ക്കായി മാറ്റുവാന്‍ വേണ്ട ശ്രമങ്ങള്‍ കൂടുതല്‍ വിപുലമാക്കണമെന്നും മമ്മൂട്ടി നിര്‍ദേശിച്ചു. ഈ ആഘോഷത്തിലൂടെ നാമെല്ലാവരും ഒന്നായി തീരാന്‍ വേണ്ട ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം കൂടി വരവുകള്‍ കൂടുതല്‍ അര്‍ത്ഥവത്താകുകയുള്ളുവെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

ഓണത്തെ വരവേറ്റു കൊണ്ട് മലയാളികള്‍ ആഘോഷിക്കുന്ന അത്തം ദിനത്തെ ജനകീയമാക്കേണ്ടതിന്റെ പ്രാധാന്യവും നടന്‍ പറഞ്ഞു. ഓണത്തെ വരവേല്‍ക്കുന്നത് അത്തം പിറക്കുന്നതിലൂടെയാണ്. ഇനിയങ്ങോട്ടുള്ള പത്ത് ദിനം ആഘോഷങ്ങളുടെ ദിനമാണ്. താനും പണ്ട് കാലങ്ങളില്‍ അത്തമാഘോഷങ്ങളില്‍ ഈ വഴിയരികില്‍ നിന്നും പങ്കെടുത്തിരുന്ന ഓര്‍മ്മകളും അദേഹം പങ്കുവെച്ചു.

മനുഷ്യരെല്ലാം ഒന്നു പോലെയാകുന്ന കാലം വരട്ടെയെന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുവാന്‍ സാധിക്കണമെന്നും അദേഹം പറഞ്ഞു. ഒരുമയുടെ സന്തോഷം ഉള്‍ക്കൊണ്ട് ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒത്തൊരുമയോടെയും ഒരേ മനസോടെയും ഈ ആഘോഷങ്ങളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രി പി. രാജീവ് അത്തം പതാകയും ഉയര്‍ത്തി. ചടങ്ങില്‍ കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഘോഷയാത്രയില്‍ നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളുമാണ് അണിനിരന്നത്. രാവിലെ 10 മണി മുതല്‍ സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കളമത്സരത്തിനും തുടക്കമായി. ഉച്ചയ്ക്ക് മൂന്നോടെ പൂക്കള പ്രദര്‍ശനം നടക്കും.

10 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. ഇതിനായി ഹരിതകര്‍മ്മസേന, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സജ്ജമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ക്ക് ഈ മാസം 27 ന് തുടക്കമാകും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ രണ്ടു വരെയാണ് പരിപാടികള്‍ നടത്തുന്നത്. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് ജങ്ക്ഷന്‍ വരെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.