കൊച്ചി: വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ സീറോമലബാര്‍ സിനഡ് സമ്മേളനത്തിന് നാളെ തുടക്കം. സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാന്‍ സിനഡിന്റെ മുന്നാം സമ്മേളനം 2023 ഓഗസ്റ്റ് 21 ന് സഭയുടെ ആസ്ഥാന കാര്യാലയമായ മാണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.
ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നല്‍കുന്ന ധ്യാനചിന്തകളോടെയാണ് സിനഡ് സമ്മേളനത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി മാര്‍പാപ്പ നിയമിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് അഭ്യര്‍ത്ഥിച്ചു. 26 ന് ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും.
പൊന്തിഫിക്കല്‍ ഡെലഗേറ്റ് എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം ലഭിക്കുക. എങ്കിലും സീറോ മലബാര്‍ സഭയുടെ നയപരമായ മറ്റ് പല കാര്യങ്ങള്‍, ചില രൂപതകളുടെ വിഭജനം, പുതിയ മെത്രാന്‍മാരുടെ നിയമനം മറ്റ് അജപാലന കാര്യങ്ങള്‍ തുടങ്ങിയവ സിനഡില്‍ ചര്‍ച്ചയാവുകയും തീരുമാനം ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ഷക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പല കാര്യങ്ങളും സീറോ മലബാര്‍ സഭയുടെ സിനഡില്‍ ചര്‍ച്ചയാകുമെന്നും കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26