അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍...

അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍...

അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ എന്താണ് അതിന്റെ പ്രത്യേകതയെന്നോ എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്നോ പലര്‍ക്കും അറിയില്ല. ഓണം എന്ന് പറയുന്നത് കേരളത്തില്‍ വളരെ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്.

ഈ പത്ത് ദിവസങ്ങളില്‍ ഓരോന്നിനും കാര്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അത് അവസാന ദിവസം വരെ ചേര്‍ന്ന് നില്‍ക്കുന്നതാണ്. പൂക്കളങ്ങള്‍, വള്ളം കളി മത്സരങ്ങള്‍, ഘോഷയാത്രകള്‍, മറ്റ് ഓണക്കളികള്‍ ഇവയെല്ലാം ഓണത്തെ സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും ഉത്സവമാക്കി മാറ്റുന്നതിനുള്ള അവശ്യഘടകങ്ങളാണ്. മാവേലിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന 10 ദിവസത്തെ നീണ്ട ഉത്സവ വേളയില്‍ നടപ്പിലാക്കുന്ന പഴയ പാരമ്പര്യങ്ങളെയും ഉത്സവങ്ങളെയും കുറിച്ചുള്ള ഒരു ചുരുക്കവിവരണം ഇതാ.

അത്തം

ഓണത്തിന് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. ഈ ദിനത്തില്‍ ആണ് എല്ലാവരും വീട്ടുമുറ്റത്ത് പൂവിടുന്നതിന് തുടക്കം കുറിക്കുന്നത്. പരമ്പരാഗതമായി, അത്തം ദിനത്തില്‍ ഇടുന്ന പൂക്കളം അത്തപ്പൂ എന്നറിയപ്പെടുന്നു, ഇത് വളരെ ചെറുതും മഞ്ഞ പൂക്കൾക്ക് പ്രാ ധാന്യം നല്‍കുന്നതും ആയിരിക്കും. ഉത്സവത്തിന്റെ ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂടുന്നു.


ചിത്തിര

ഉത്സവങ്ങളുടെ ആരംഭത്തോടെ വീടുകള്‍ വൃത്തിയാക്കുക എന്നതാണ് ഇന്ത്യയിലെ ഒരു പതിവ്. ഓണത്തിന്റെ രണ്ടാം ദിവസം കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയാക്കുന്നതിനും ഓണത്തെ വരവേല്‍ക്കുന്നതിനും തയ്യാറാവുന്നു. ഈ ദിനത്തില്‍ പൂക്കളത്തില്‍ രണ്ട് വരി പൂവാണ് ഉണ്ടാവുന്നത്.

ചോതി

അന്ന് കുടുംബങ്ങള്‍ വിവിധ വാങ്ങലുകള്‍ നടത്താന്‍ പുറപ്പെടുന്നു. ഉത്സവത്തിന്റെ ഒരു പ്രധാന ആകര്‍ഷണം ഓണക്കോടി എന്നറിയപ്പെടുന്ന പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും പരസ്പരം സമ്മാനമായി നല്‍കുന്നതാണ്. ഈ ദിവസം, പൂക്കളത്തിലേക്ക് ഒന്നിലധികം വരിയില്‍ പൂക്കള്‍ ചേര്‍ക്കുന്നു. ഇത് കാഴ്ചയില്‍ പൂക്കളത്തെ വലുതാക്കുന്നു.

വിശാഖം

ഉത്സവത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് ഈ ദിവസമാണ്. ഈ ദിവസം മുതലാണ് കാണം വിറ്റും ഓണം ഉണ്ണം എന്ന് പറയുന്നത്. അതായത് സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നാലും ഓണം സദ്യയെ കാണാതെ പോകരുത്.

അനിഴം

ഓണത്തിന്റെ അഞ്ചാം നാളായ അഞ്ചാം ദിനം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്. അഞ്ചാം ദിവസമായ അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള തിരക്ക് കൂട്ടലാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായി തുടക്കം കുറിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അല്‍പം പ്രാധാന്യം നല്‍കുന്നതാണ്.

തൃക്കേട്ട

ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഇത്രയും ആവുമ്പോഴേക്ക് തന്നെ ഓണത്തിന്റെ ആഘോഷങ്ങളിലേക്കും തിരക്കുകളിലേക്കും എല്ലാവരും എത്തുന്ന ഒരു ദിവസം കൂടിയായിരിക്കും തൃക്കേട്ട ദിനം. ഈ ദിവസമാവുമ്പോഴേക്ക് തന്നെ മുറ്റത്തെ പൂക്കളത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു.

മൂലം

മൂലം ഓണത്തിന്റെ ഏഴാമത്തെ ദിവസമാണ്. പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു ചെറിയ രീതിയിലുള്ള ഓണസദ്യ ഈ ദിവസം മുതലാണ് തയ്യാറാക്കുന്നത്.

പൂരാടം

പൂരാടം ദിനത്തില്‍ വീട്ടുകാര്‍ വീടെല്ലാം വൃത്തിയാക്കുകയും വാമനനേയും മഹാബലി തമ്പുരാനേയും വരവേല്‍ക്കുന്നതിന് തയ്യാറാവുന്നുണ്ട്. ഈ ദിവസമാണ് പൂരാട ഉണ്ണികള്‍ എന്ന പേരില്‍ കുട്ടികളെ ഒരുക്കുന്നത്. മാതേവരെ ഉണ്ടാക്കുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം പൂരാടം ദിനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഉത്രാടം

ഉത്രാടം ദിനത്തെയാണ് ഒന്നാം ഓണം എന്ന് പറയുന്നത്. ഈ ദിവസമാണ് ശരിക്കുള്ള ഓണം തുടങ്ങുന്നത്. പച്ചക്കറികളും പഴങ്ങളും പുതുവസ്ത്രങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഓരോ വീട്ടുകാരും തയ്യാറെടുക്കും. ജാതി മതഭേദമന്യേ തന്നെ മാവേലി മന്നനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഉത്രാട ദിവസം വൈകിട്ടാവുന്നതിലൂടെ പൂര്‍ണമാവുന്നുണ്ട്. ഉത്രാടദിനത്തില്‍ ഉണ്ടാവുന്ന ഈ തിരക്കിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്.

തിരുവോണം

അത്തം മുതലുള്ള പത്താമത്തെ ദിവസമാണ് തിരുവോണം. ഈ ദിനമാണ് തിരുവോണം എന്ന് അറിയുന്നത്. ഈ ദിനത്തില്‍ വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാവരും തിരുവോണം ആഘോഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.