കോടതി ഉത്തരവ് ലംഘിച്ചും സിപിഎം ഓഫീസ് നിര്‍മ്മാണം: ഹൈക്കോടതിയ്ക്ക് അതൃപ്തി; സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ നിര്‍ദേശം

 കോടതി ഉത്തരവ് ലംഘിച്ചും സിപിഎം ഓഫീസ് നിര്‍മ്മാണം: ഹൈക്കോടതിയ്ക്ക് അതൃപ്തി; സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: ഉത്തരവ് ലംഘിച്ച് ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം തുടര്‍ന്നതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ അഭിഭാഷകനോട് ഉച്ചയ്ക്ക് ഹാജരാകാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉടുമ്പന്‍ചോല, ബൈസണ്‍വാലി സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവ് ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും രാത്രി ആളെ നിര്‍ത്തി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ നിര്‍മ്മാണം നടത്തുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കളുടടെ വിശദീകരണം. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ പരാതിക്കാരന്റെ അഭിഭാഷകനും അമിക്കസ് ക്യൂറിയും കെട്ടിട നിര്‍മ്മാണം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മ്മാണം നടത്തിയത് കോടതിയോടുള്ള അനാദരവാണെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ തുടര്‍ നിര്‍മ്മാണം ഉണ്ടായി എന്നതില്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് വിശദീകരണം തേടും. നിര്‍മ്മാണം തടയാന്‍ പൊലീസിന്റെ സഹായം തേടാനും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നോട്ടീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറി. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചതായി സിപിഎം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.