സനാതന ധർമം: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ബിജെപിയെ ചൊടിപ്പിച്ചതിന് പിന്നിൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ദ്രാവിഡ മോഡൽ

സനാതന ധർമം: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ബിജെപിയെ ചൊടിപ്പിച്ചതിന് പിന്നിൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ദ്രാവിഡ മോഡൽ

സനാതന ധർമമാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. സനാതന ധർമത്തെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഹിന്ദുക്കളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണെന്ന ബിജെപി നേതാക്കളുടെ വിമർശനമാണ് ഇപ്പോൾ ചൂടുപിടിച്ച ചർച്ചയാകുന്നത്. എന്നാൽ സനാതന ധർമത്തിനെതിരായ വിമർശനത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്നും വംശ ഹത്യയ്ക്കുള്ള ആഹ്വാനമൊന്നും നൽകിയിട്ടില്ലെന്നുമുള്ള ശക്തമായ നിലപാടിലാണ് ഉദയനിധി സ്റ്റാലിൻ.

സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ സ്റ്റാലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ത്യ മുന്നണിയിൽ പോലും അസ്വാരസ്യം വന്നിട്ടും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും വേണ്ടി വന്നാൽ അതേ നിലപാട് ഇനിയും പറയുമെന്നുമാണ് ഉദയനിധി സ്റ്റാലിൻ ആവർത്തിച്ചത്.

തനിക്കെതിരെ അവർ എന്ത് കേസ് നൽകിയാലും നേരിടാൻ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.

സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടർച്ചയായി പറയും. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുമ്പോൾ അതിനർഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?. എന്താണ് സനാതന? സനാതനമെന്നാൽ ഒന്നും മാറേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാൽ ദ്രാവിഡ മോഡൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു. എല്ലാവരും തുല്യരാകണം. പ്രസ്‌താവനയെ വളച്ചൊടിക്കലും വ്യാജവാർത്തകൾ പ്രചരിപ്പിക്കലും ബിജെപിയുടെ പതിവ് ജോലിയാണെന്നും അദേഹം ആവർത്തിച്ചു.

ഉദയനിധി സ്റ്റാലിന്റെ പരാമർശം രാജ്യത്തിന്റെ സനാതന ധർമത്തെ ഇല്ലായ്മ ചെയ്യാനുള്ള 'ഇന്ത്യ' സഖ്യത്തിന്റെ രാഷ്ട്രീയ തന്ത്രമാണോയെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നന്ധ ചോദിച്ചു. രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ സനാതന ധർമത്തോട് വിദ്വേഷമുണ്ടാക്കുന്ന സാധനങ്ങൾ വിൽക്കുന്നുണ്ടോയെന്നും അദേഹം ആരാഞ്ഞു.

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ഹിന്ദു സംസ്കാരത്തെ വെറുക്കുന്നുവെന്നാണ് ഉദയനിധിയുടെ പരാമർശത്തിലൂടെ വെളിവാകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. രാജ്യത്തിന്റെ പൈതൃകത്തിനെതിരെയുള്ള ആക്രമണമാണിത്. പ്രതിപക്ഷ സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും അമിത് ഷാ വിമർശിച്ചു. ഉദയനിധിയുടെ പരാമർശം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും പ്രതിപക്ഷ മുന്നണി അവരുടെ യഥാർത്ഥ മുഖം പുറത്തു കാട്ടിയെന്നും ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അതേ സ്വരമാണ് ഉദയനിധിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. യഥർത്ഥ ഹൈന്ദവ ധർമത്തോട് ബഹുമാനമുണ്ടെങ്കിൽ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാവണമെന്ന് അദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി പറഞ്ഞതിന് അർത്ഥമെന്ന് ബിജെപി നേതാവ്
ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.

എന്താണ് സനാതന ധർമം?

സനാതനം എന്നാൽ ശാശ്വതമായത് എന്നും ധർമം എന്നാൽ കടമ, ഉത്തരവാദിത്തം അല്ലെങ്കിൽ മതപരമായ കടമ എന്നതിനേയും സൂചിപ്പിക്കുന്നു. ഏകദേശം 6000 വർഷത്തോളം പഴക്കമുള്ളതാണ് ഹിന്ദുമതം എന്നാണ് പറയപ്പെടുന്നത്. അതേ സമയം ബിസി 3000 നും ബിസി 15000 നുമിടയിലാണ് ഹിന്ദുമതം ഉത്ഭവിച്ചത് എന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നുണ്ട്. ഹിന്ദുമതം അടിസ്ഥാനപരമായി സനാതന ധർമത്തിന്റെ ആധുനിക രൂപമാണ്. സനാതന ധർമമനുസരിച്ച് എല്ലാ സൃഷ്ടികളും ശാശ്വതമായ കടമ പിന്തുടരാനുള്ള ഉത്തരവാദിത്തം പേറുന്നവരാണ്.

അതേ സമയം സനാതന ധർമം പുനർജന്മത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് എന്നും ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയിൽ പുനർജന്മമെന്ന ആശയം ഉള്ളതായും ചില പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധത, ദയ, ക്ഷമ, മഹാമനസ്‌കത തുടങ്ങിയ ഗുണങ്ങൾ സനാതന ധർമത്തിൽ അടങ്ങിയിരിക്കുന്നു എന്നാണ് പണ്ഡിതർ പറയുന്നത്. സനാതന ധർമത്തിലെ സാമൂഹിക ഘടന ചാതുർ വർണ്യത്തിൽ അധിഷ്ഠിതമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.